താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ഉദ്ഘാടനം 28ന്
Monday, December 23, 2024 11:17 PM IST
നെടുമ്പാശേരി: ദക്ഷിണേന്ത്യയിലെ വ്യോമയാന ഹബ്ബായി മാറാനുള്ള കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ടിന്റെ (സിയാൽ) പുതിയ സംരംഭമായ ‘താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട്’ 28ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
യാത്രക്കാർക്കു പരമാവധി സേവനങ്ങൾ ഒരുക്കാനും പുതിയ സർവീസുകൾ ആരംഭിക്കാനും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും സിയാൽ നടപ്പാക്കിവരുന്ന മാസ്റ്റർ പ്ലാനിന്റെ ഭാഗമായാണു താജ് ഹോട്ടൽ സമുച്ചയം. മാസ്റ്റർ പ്ലാനിലെ ഭൂവിനിയോഗ പദ്ധതിയുടെ ഭാഗമായി സിയാൽ പണികഴിപ്പിച്ച ഹോട്ടൽ, തുടർ-നിക്ഷേപ/നടത്തിപ്പിനായി ഇന്ത്യൻ ഹോട്ടൽസ് കമ്പനി (ഐഎച്ച്സിഎൽ) താജ് ഗ്രൂപ്പിനെ ആഗോള ടെൻഡറിലൂടെയാണു കണ്ടെത്തിയത്.
ടെർമിനലുകളിൽനിന്ന് 500 മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന താജ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ഹോട്ടലിലേക്കു ലാൻഡിംഗ് കഴിഞ്ഞ് 15 മിനിറ്റിനുള്ളിൽ എത്തിച്ചേരാനാകും.
താജ് ക്ലബ് ലോഞ്ചിന്റെ ഒരു വശത്ത് റൺവേയും മറുവശത്ത് ഹരിതശോഭയും കാഴ്ചയൊരുക്കുന്ന 111 മുറികൾ, പ്രസിഡൻഷ്യൽ സ്യൂട്ടുകൾ, ബാങ്ക്വറ്റ് ഹാളുകൾ, ബോർഡ് റൂമുകൾ, പ്രീ-ഫംഗ്ഷൻ ഏരിയ, സിമ്മിംഗ് പൂൾ, വിസ്തൃതമായ ലോബി, ബാർ, ഫിറ്റ്നസ് സെന്റർ എന്നിവ ഈ ഹോട്ടലിലുണ്ട്. കാർ പാർക്കിംഗിനു വിശാലമായ സ്ഥലവുമുണ്ട്.
സിയാലിന്റെ മാസ്റ്റർ പ്ലാൻ പൂർത്തിയാകുന്നതിനനുസരിച്ച് കൂടുതൽ നിക്ഷേപം ആകർഷിക്കപ്പെടുകയും തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യുമെന്നു മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് പറഞ്ഞു.
കഴിഞ്ഞ മൂന്നു വർഷത്തിനിടെ സുസ്ഥിര വികസനത്തിനും പ്രവർത്തന മികവിനുമായി 10 മെഗാ പ്രോജക്ടുകളും 163 ഇടത്തരം സംരംഭങ്ങളും സിയാൽ നടപ്പാക്കിയിട്ടുണ്ട്. 2024 സെപ്റ്റംബറിൽ തുറന്ന 0484 എയ്റോ ലോഞ്ച് വൻ വിജയമായിരുന്നു.
ണ്ടാം ടെർമിനലിൽ സ്ഥിതിചെയ്യുന്ന എയ്റോ ലോഞ്ച് രണ്ടു മാസത്തിനുള്ളിൽ 100 ശതമാനം ബുക്കിംഗ് എന്ന നേട്ടം കൈവരിച്ചു. യാത്രക്കാർക്കും സന്ദർശകർക്കും കുറഞ്ഞ ചെലവിൽ വിമാനത്താവളത്തിനുള്ളിൽ ആഡംബര സൗകര്യമാണ് 0484 എയ്റോ ലോഞ്ച്.
നിലവിൽ പ്രതിവർഷം ഒരു കോടി യാത്രക്കാർ സിയാലിൽ എത്തുന്നുണ്ട്. മൂന്നു വർഷത്തിനകം അത് ഒന്നേകാൽ കോടിയാകും. ട്രാഫിക് വർധിക്കുന്നതിന് അനുസരിച്ച് യാത്രക്കാർക്ക് നൽകുന്ന സേവനവും വർധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.