സ്വർണത്തിന്റെ കരുതൽശേഖരം വർധിച്ചു
Saturday, December 21, 2024 12:47 AM IST
മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഇന്നലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഡിസംബർ 13 ലെ കണക്കനുസരിച്ച് ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 1.98 ബില്യണ്‍ ഡോളർ കുറഞ്ഞ് 652.87 ബില്യണ്‍ ഡോളറിലെത്തി.
ഡിസംബർ ആറിന് അവസാനിച്ച ആഴ്ചയിൽ, ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 3.23 ബില്യണ്‍ ഡോളർ കുറഞ്ഞ് 654.86 ബില്യണ്‍ ഡോളറായിരുന്നു.
ഫോറിൻ കറൻസി അസറ്റുകളുടെ (എഫ്സിഎ) ഇടിവാണ് കുറവിനു കാരണമായത്. ഇത് 3 ബില്യണ്‍ ഡോളർ ഇടിഞ്ഞ് 562.58 ബില്യണ്‍ ഡോളറായി.
അതേസമയം, സ്വർണ കരുതൽ ശേഖരം 1.12 ബില്യണ്‍ ഡോളർ വർധിച്ചു. മൊത്തം 68 ബില്യണ്‍ ഡോളറായി. സ്പെഷൽ ഡ്രോയിംഗ് റൈറ്റ്സ് (എസ്ഡിആർ) 35 മില്യണ്‍ ഡോളർ കുറഞ്ഞു. ഇപ്പോൾ മൊത്തം 17.99 ബില്യണ്‍ ഡോളറായി.
ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിലെ (ഐഎംഎഫ്) കരുതൽ നില 27 മില്യണ്‍ ഡോളർ ചുരുങ്ങി, 42.40 ബില്യണ്‍ ഡോളറിലെത്തി.
വളർന്നുവരുന്ന സാന്പത്തിക ശക്തിയെന്ന നിലയിൽ ഇന്ത്യ ഏറ്റവും വലിയ വിദേശനാണ്യ കരുതൽ ശേഖരത്തിൽ ആഗോള തലത്തിൽ ചൈന, ജപ്പാൻ, സ്വിറ്റ്സർലൻഡ് എന്നിവയ്ക്കു പിന്നിൽ 4-ാം സ്ഥാനം നേടി.
ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സന്പദ്വ്യവസ്ഥയായി മാറിയിരിക്കുന്നു എന്ന് മാത്രമല്ല, ചരിത്രത്തിലാദ്യമായി ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 700 ബില്യണ്‍ ഡോളറിന് മുകളിലെത്തി.