എയർ വർക്സ് ഗ്രൂപ്പിനെ ഏറ്റെടുക്കാൻ അദാനി
Monday, December 23, 2024 11:17 PM IST
മുംബൈ: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഏവിയേഷൻ മെയിന്റനൻസ് കന്പനിയായ എയർ വർക്സ് ഗ്രൂപ്പിനെ ശതകോടീശ്വരനും വ്യവസായിയുമായ ഗൗതം അദാനി 400 കോടി രൂപയ്ക്ക് ഏറ്റെടുക്കാനൊരുങ്ങുന്നു. അദാനി ഡിഫൻസ് സിസ്റ്റംസ് ആൻഡ് ടെക്നോളജീസ് ലിമിറ്റഡ് വഴിയാണു ഏറ്റെടുക്കൽ സാധ്യമാകുന്നത്.
എയർക്രാഫ്റ്റ് സർവീസിംഗ് രംഗത്ത് പേരെടുത്ത എയർ വർക്സിന് 35 നഗരങ്ങളിലായി 1,300 ജീവനക്കാരുണ്ട്. ഇരുപതോളം രാജ്യങ്ങളിലെ റെഗുലേറ്റർമാരുടെ അംഗീകാരവുമുള്ളതിനാൽ ആഗോളരംഗത്ത് ചുവടുറപ്പിക്കാനും കന്പനിക്ക് സാധിച്ചിട്ടുണ്ട്.
വരുംവർഷങ്ങളിൽ 1,500 പുതിയ എയർക്രാഫ്റ്റുകളെ ഉൾപ്പെടുത്തി വൻകുതിപ്പിന് തയാറെടുക്കുന്ന ഇന്ത്യയുടെ ഏവിയേഷൻ രംഗം ലോകത്ത് മൂന്നാം സ്ഥാനത്താണ്.
ഈ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താനുള്ള ഒരു സംയോജിതമായ ഏവിയേഷൻ സർവീസ് വ്യവസ്ഥയുടെ നിർമാണമാണ് തങ്ങൾ ലക്ഷ്യം വയ്ക്കുന്നതെന്ന് അദാനി എയർപോർട്ട്സ് ഡയറക്ടർ ജീത് അദാനി പറഞ്ഞു.
ഇന്ത്യൻ നേവിയുടെ P-8I എയർക്രാഫ്റ്റ്, ഇന്ത്യൻ എയർഫോഴ്സിന്റെ 737 VVIP ഫ്ളീറ്റുകൾ എന്നിവയെ പരിപാലിക്കാനുള്ള ശേഷി എയർ വർക്സ് ആർജിച്ചെടുത്തിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ ആത്മനിർഭർ ഭാരത് നയത്തിന്റെ ഭാഗമായി ഇത്തരം സംവിധാനങ്ങൾ തദ്ദേശീയമായും ലഭ്യമാക്കാൻ അദാനിയുടെ നീക്കം വഴിതെളിക്കും.
പ്രതിരോധരംഗത്തും വാണിജ്യരംഗത്തും പൂർണതോതിൽ സേവനങ്ങൾ നൽകാൻ ഏറ്റെടുക്കൽ പ്രക്രിയ ഉപകരിക്കുമെന്ന് അദാനി ഡിഫൻസ് ആൻഡ് എയറോസ്പേസ് സിഇഒ ആശിഷ് രാജ്വംശി പറഞ്ഞു.
രാജ്യത്തെ പ്രതിരോധ-ഏവിയേഷൻ രംഗങ്ങളിൽ ഗൗതം അദാനി നടത്തുന്ന മുന്നേറ്റത്തിന്റെ ചരിത്രത്തിലെ നാഴികക്കല്ലാവും പുതിയ നീക്കമെന്നു വിലയിരുത്തപ്പെടുന്നു.