സെൻസെക്സ് കുതിച്ചത് 500 പോയിന്റ്
Monday, December 23, 2024 11:17 PM IST
മുംബൈ: അഞ്ച് ദിവസത്തെ ഇടിവിനു ശേഷം ഇന്ന് നേട്ടത്തോടെ വ്യപാരം അവസാനിപ്പിച്ച് ആഭ്യന്തര വിപണി. ഐടിസി, എച്ച്ഡിഎഫ്സി ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികളിലെ കുതിപ്പായിരുന്നു വിപണിയെ ഇന്ന് നേട്ടത്തിലെത്തിച്ചത്.
തിരുത്തൽ നടപടികൾക്ക് ശേഷം ഇന്ത്യൻ വിപണിയിൽ കൂടുതൽ പ്രതീക്ഷയർപ്പിച്ച നിക്ഷേപകർ ലാർജ് ക്യാപ്സ് ഓഹരികൾ വാങ്ങിക്കൂട്ടിയതാണ് ഇന്നത്തെ കുതിപ്പിന്റെ കാരണങ്ങളിലൊന്ന്.
യുഎസ് വിലക്കയറ്റ കണക്കുകളുടെ ചുവടുപിടിച്ച് യുഎസ്-ഏഷ്യൻ വിപണികൾ ഇന്ന് നേട്ടത്തിലായതും ഇന്ത്യൻ സൂചികകൾക്ക് തുണയായി. വ്യാപാരാന്ത്യത്തിൽ 495.58 പോയിന്റുകൾ (0.64 ശതമാനം) കയറിയ സെൻസെക്സ് 78,540.17 എന്ന നിലയിലാണ്.
നിഫ്റ്റിയാകട്ടെ 165.95 പോയിന്റുകളുടെ (0.70 ശതമാനം) നേട്ടം സ്വന്തമാക്കി 23,753.45 എന്ന നിലയിലെത്തി. ഇന്ന് വ്യാപാരത്തിനെത്തിയ 1,565 ഓഹരികൾ നേട്ടം സ്വന്തമാക്കിയപ്പോൾ 2,348 എണ്ണവും നഷ്ടത്തിലായി. 134 ഓഹരികൾക്ക് മാറ്റമില്ല.
ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ, സഫ സിസ്റ്റംസ്, ഫെഡറൽ ബാങ്ക്, ഹാരിസണ്‍സ് മലയാളം എന്നിവരാണ് ഇന്ന് കേരള കന്പനികളുടെ നേട്ടത്തിൽ മുന്നിലെത്തിയത്.