രൂപയ്ക്ക് റിക്കാർഡ് ഇടിവ്
Thursday, November 14, 2024 11:47 PM IST
ന്യൂഡൽഹി: ഡോളറിനെതിരേ ഇന്ത്യൻ രൂപയുടെ ഇടിവ് തുടരുന്നു. രൂപയുടെ നാലു പൈസ ഇടിഞ്ഞ് 84.43 രൂപയെന്ന സർവകാല റിക്കാർഡ് താഴ്ചയിലാണ് ഇന്നലെ ക്ലോസ് ചെയ്തത്. ബുധനാഴ്ച 84.39 രൂപയിലാണ് വ്യാപാരം അവസാനിച്ചത്.
ഡോണൾഡ് ട്രംപ് രണ്ടാം തവണയും യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷം ഡോളർ കരുത്താർജിച്ചതാണ് രൂപയുടെ മൂല്യത്തിനിടിവുണ്ടാക്കുന്നത്. കൂടാതെ വിദേശ നിക്ഷേപകർ വൻ തോതിൽ ഓഹരി വിറ്റഴിക്കുന്നതിനൊപ്പം ഡോളറിനുള്ള ഡിമാൻഡ് വർധിച്ചതും രൂപയ്ക്കു തിരിച്ചടിയായി. സ്ഥിരമായ പണപ്പെരുപ്പവും ഗണ്യമായ വിദേശ ഒഴുക്കുമാണ് രൂപയുടെ ഇടിവിനു കാരണമാകുന്നതെന്നാണു വിപണി വിദ്ഗധർ പറയുന്നത്.
ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ, യുഎസ് ഡോളറിനെതിരേ രൂപയുടെ മൂല്യം 84.40ലാണ് ആരംഭിച്ചത്. ഇതു പിന്നീട് ഉയർന്ന 84.39 ലും താഴ്ന്ന 84.43 ലും എത്തി. ഒടുവിൽ എക്കാലത്തെയും താഴ്ന്ന നിലവാരമായ 84.43ൽ വ്യാപാരം അവസാനിക്കുകയായിരുന്നു.
രൂപയെ പിടിച്ചുനിർത്താൻ റിസർവ് ബാങ്ക് വൻ തോതിൽ ഡോളർ വിറ്റഴിക്കുകയാണ്. ഇത് ഇന്ത്യയുടെ വിദേശനാണ്യശേഖരത്തെ ബാധിക്കുന്നുണ്ട്. ഇതു മൂലം രൂപ നവംബറിൽ മറ്റ് ഏഷ്യൻ കറൻസികളെക്കാൾ മെച്ചപ്പെട്ടു.
ആറ് കറൻസികൾക്കെതിരേയുള്ള ഡോളർ സൂചികയിൽ 0.30 ശതമാനമാണ് മുന്നേറ്റമുണ്ടായത്. 106.80 നിലവാരത്തിലാണ് ഡോളർ സൂചികയിപ്പോൾ. നിലവിലെ വിപണി സാഹചര്യം കണക്കിലെടുക്കുന്പോൾ രൂപ 85 നിലവാരത്തിൽ മൂല്യത്തിൽ വ്യതിയാനമുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
ഇന്ത്യയിൽ പണപ്പെരുപ്പം ഉയരുകയാണ്. കഴിഞ്ഞ നാലുമാസത്തെ ഏറ്റവും ഉയർന്ന മൊത്തവില പണപ്പെരുപ്പം ഒക്ടോബറിൽ 2.36 ശതമാനമാണ് രേഖപ്പെടുത്തിയത്. ആഹാരസാധനങ്ങളുടെ വിലയിലാണ് വർധന. പ്രത്യേകിച്ച്, പച്ചക്കറികൾക്കും എല്ലാത്തരം ഉത്പാദന വസ്തുക്കളുടെയും വിലയും ഉയർന്നതായി സർക്കാർ പുറത്തുവിട്ട കണക്കുകളിൽ പറയുന്നു.