സ്കൂളുകളിൽ ഐഐടി-ബ്രിഡ്ജ് വേ പദ്ധതി
Tuesday, August 20, 2024 10:57 PM IST
കൊച്ചി: സ്കൂൾ വിദ്യാർഥികളുടെ പഠനനിലവാരം ഉയർത്തുന്നതിനും തൊഴിൽസജ്ജരാക്കുന്നതിനും മദ്രാസ് ഐഐടിയുടെ സഹകരണത്തോടെ മിഡിൽ ഈസ്റ്റ് ആസ്ഥാനമായ ബ്രിഡ്ജ് വേ ഗ്രൂപ്പ് പദ്ധതി ആരംഭിച്ചു.
വിവിധ ആദിവാസി വിഭാഗങ്ങളിലെ വിദ്യാർഥികൾ പഠിക്കുന്ന മലപ്പുറം ജില്ലയിലെ നിലമ്പൂർ വല്ലപ്പുഴ ഇന്ദിരാഗാന്ധി മെമ്മോറിയൽ ഗവ. ട്രൈബൽ സ്കൂൾ, ഭിന്നശേഷി വിദ്യാർഥികൾ പഠിക്കുന്ന ബഡ്സ് സ്കൂൾ എന്നിവിടങ്ങളിലാണു പദ്ധതി നടപ്പിലാക്കുക.
മിഡിൽ ഈസ്റ്റ്, ഇന്ത്യ, ആഫ്രിക്ക എന്നിവിടങ്ങളിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ബ്രിഡ്ജ് വേ ഗ്രൂപ്പിന്റെ സുവർണജൂബിലിയുടെ ഭാഗമായാണു പഠനപദ്ധതി ആവിഷ്കരിക്കുന്നതെന്ന് ഡയറക്ടർമാരായ ജാബർ എ. വഹാബും ജാവേദ് എ. വഹാബും പറഞ്ഞു.
സ്കൂളുകളിൽ ഡിവൈസ് എൻജിനിയറിംഗ് ലാബുകൾ (ഡിഇഎൽ) സ്ഥാപിക്കും. മലപ്പുറം ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെയാണു പദ്ധതി നടപ്പാക്കുന്നത്.