റിക്കാര്‍ഡ് ഭേദിച്ച് സ്വര്‍ണവില; പവന് വീണ്ടും 55,000 രൂപ
Thursday, July 18, 2024 12:33 AM IST
കൊച്ചി: അന്താരാഷ്ട്ര സ്വര്‍ണവിലയില്‍ റിക്കാര്‍ഡ് വര്‍ധന. ഔണ്‍സിന് 2450 ഡോളര്‍ റിക്കാര്‍ഡ് തകര്‍ത്ത് 2482 ഡോളറിലേക്ക് കുതിച്ചെങ്കിലും നേരിയ കുറവോടെ 2472 ഡോളറില്‍ തുടരുകയാണ്.
അന്താരാഷ്ട്ര സ്വര്‍ണവില 1.6 ശതമാനം കൂടിയപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ ഒരു ശതമാനത്തിന് അടുത്തു മാത്രമാണ് വര്‍ധനയുണ്ടായത്. ബജറ്റ് പ്രതീക്ഷയാണു കാരണം.
അതേസമയം കേരള വിപണിയില്‍ സ്വര്‍ണവില പവന് 55,000 രൂപയിലെത്തി. ഗ്രാമിന് 90 രൂപയും പവന് 720 രൂപയുമാണ് ഇന്നലെ വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 6,875 രൂപയും പവന് 55,000 രൂപയുമായി.
സംസ്ഥാനത്തെ റിക്കാര്‍ഡ് വില കഴിഞ്ഞ ഏപ്രില്‍ 20 ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,890 രൂപയും പവന് 55,120 രൂപയുമാണ്.
യുഎസില്‍ പണപ്പെരുപ്പം കുറയുകയും പണപ്പെരുപ്പം തങ്ങളുടെ ലക്ഷ്യമായ രണ്ടു ശതമാനത്തിലേക്ക് കുറയാന്‍ കാത്തിരിക്കേണ്ടതില്ലെന്ന ജെറോം പവലിന്റെ അഭിപ്രായവും കാരണം ഫെഡറല്‍ നിരക്ക് സെപ്റ്റംബറില്‍ തന്നെ കുറയ്ക്കാനാണു തീരുമാനം. നിരക്ക് 50 ബിപിഎസിലേക്ക് കുറച്ചേക്കാം.
ഡൊണാള്‍ഡ് ട്രംപ് അധികാരത്തില്‍ വരുമെന്ന പ്രതീക്ഷയും ഭൗമരാഷ്ട്രീയ അപകടസാധ്യതകളും സുരക്ഷിത നിക്ഷേപം എന്നനിലയില്‍ മഞ്ഞലോഹത്തിലേക്കുള്ള ആകര്‍ഷണം കൂട്ടുന്നുവെന്ന് ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന് സംസ്ഥാന ട്രഷറര്‍ എസ്. അബ്ദുല്‍ നാസര്‍ പറഞ്ഞു.