പണപ്പെരുപ്പനിരക്ക് 16 മാസത്തെ ഉയർന്ന നിലയിൽ
Monday, July 15, 2024 11:18 PM IST
ന്യൂഡൽഹി: മൊത്തവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പനിരക്ക് 16 മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ. 3.4 ശതമാനമായാണു പണപ്പെരുപ്പനിരക്ക് ഉയർന്നത്. മേയിൽ ഇത് 2.61 ശതമാനമായിരുന്നു. തുടർച്ചയായി നാലാം മാസമാണു പണപ്പെരുപ്പനിരക്ക് ഉയരുന്നത്.
പച്ചക്കറിക്കു പുറമേ മറ്റു ഭക്ഷ്യോത്പന്നങ്ങൾ, അസംസ്കൃത എണ്ണ തുടങ്ങിയവയുടെ വിലക്കയറ്റമാണു പണപ്പെരുപ്പനിരക്ക് ഉയരാൻ കാരണം. കഴിഞ്ഞവർഷം ജൂണിൽ നെഗറ്റീവ് 4.18 ശതമാനമായിരുന്ന സ്ഥാനത്താണു പണപ്പെരുപ്പനിരക്കിലെ വർധന.
2023 ഫെബ്രുവരിയിലാണ് ഇതിനു മുന്‍പത്തെ ഉയർന്ന നിരക്ക്. അന്ന് 3.85 ശതമാനമായാണു പണപ്പെരുപ്പനിരക്ക് ഉയർന്നത്. മൊത്തവിലയിൽ തൊട്ടുമുന്‍പത്തെ മാസത്തെ അപേക്ഷിച്ച് 0.4 ശതമാനത്തിന്റെ വർധനയുണ്ടായി. ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം 10.87 ശതമാനമാണ്. മേയിൽ ഇത് 9.82 ശതമാനം മാത്രമായിരുന്നു.