പിവിസി പൈപ്പ് ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിക്കും
Saturday, June 1, 2024 11:07 PM IST
കൊച്ചി: അസംസ്കൃത വസ്തുക്കളുടെ വിലവര്‍ധനയും പിവിസി റെസിന്റെ ലഭ്യത വിപണിയില്‍ കുറയുകയും ചെയ്ത സാഹചര്യത്തില്‍ പിവിസി പൈപ്പ് ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിക്കേണ്ട സാഹചര്യമാണെന്ന് ഓള് കേരള സ്മാള്‍ സ്കെയില്‍ പിവിസി പൈപ്പ് മാനുഫാക്ചറേഴ്സ് അസോസിയേഷന്.
പിവിസി റെസിന്റെ ലഭ്യത വിപണിയില്‍ കുറഞ്ഞതുമൂലം പിവിസി പൈപ്പ് നിര്‍മാതാക്കള്‍ പ്രതിസന്ധിയിലാണ്. കൂടാതെ ചരക്കുകപ്പലുകളുടെ നിരക്ക് ഗണ്യമായി വര്‍ധിപ്പിച്ചതും തിരിച്ചടിയായി. ഇന്ത്യയിലെ പിവിസി റെസിന്റെ ആവശ്യകതയുടെ 50 ശതമാനം മാത്രമാണു ഗാര്‍ഹിക വിപണിയില്‍ ഉത്പാദിപ്പിക്കുന്നുള്ളൂ.
ബാക്കിയുള്ള 50 ശതമാനം ചൈന, കൊറിയ, യുഎസ്എ, ജപ്പാന് മുതലായ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്നതാണ്. കപ്പല്നിരക്ക് വര്‍ധനയും പൈപ്പ് നിര്‍മാതാക്കളെ സാരമായി ബാധിച്ചിട്ടുണ്ട്.
അതിനാല്‍ പിവിസി പൈപ്പ് ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിക്കാതെ മറ്റു മാര്‍ഗമില്ലാതെ വന്നിരിക്കുകയാണെന്നും അസോസിയേഷന് പ്രസിഡന്റ് ഫിലിപ്പ് എ. മുളക്കല്‍ പറഞ്ഞു.