സ്വർണം പവന് അരലക്ഷം കടന്നു
Sunday, March 31, 2024 12:17 AM IST
കൊച്ചി: പവന് അരലക്ഷം രൂപ പിന്നിട്ട് സ്വര്‍ണവില സര്‍വകാല റിക്കാര്ഡിലെത്തിയെങ്കിലും മഞ്ഞലോഹത്തോടുള്ള ഭ്രമം കുറയാതെ മലയാളികള്‍.
ഇന്നലെ സ്വര്‍ണവിലയില്‍ നേരിയ ഇടിവാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 25 രൂപയുടെയും പവന് 200 രൂപയുടെയും കുറവുണ്ടായി. ഇതോടെ സ്വര്‍ണവില ഗ്രാമിന് 6,275 രൂപയും പവന് 50,200 രൂപയുമായി. വെള്ളിയാഴ്ച സ്വര്‍ണവില അരലക്ഷം കടന്നിരുന്നു.
ഗ്രാമിന് 130 രൂപയും പവന് 1040 രൂപയും വര്‍ധിച്ച് സ്വര്‍ണ വില സര്‍വകാല റിക്കാര്ഡിലെത്തുകയായിരുന്നു. ഗ്രാമിന് 6,300 രൂപയും പവന് 50,400 രൂപയുമായിട്ടാണ് ഇന്നലെ സ്വര്‍ണ വില്പന നടന്നത്. അന്താരാഷ്ട്ര സ്വര്‍ണ വില 2,234 ഡോളറിലും രൂപയുടെ വിനിമയ നിരക്ക് 83.37 ഉം ആയിരുന്നു.
കഴിഞ്ഞ 10 വര്‍ഷത്തെ വില പരിശോധിച്ചാല്‍ സ്വര്‍ണത്തിന് മുപ്പതിനായിരം രൂപയുടെ വര്‍ധനയാണ് ഒരു പവനില്‍ അനുഭവപ്പെട്ടത്. 2015 ല്‍ അന്താരാഷ്ട്ര സ്വര്‍ണവില 1,300 ഡോളറിലും, പവന് വില 21,200 രൂപയിലും, ഗ്രാം വില 2,650 രൂപയിലുമായിരുന്നു.
ഇന്നലെ ഒരുപവന് 50,200 രൂപയും ഗ്രാമിന് 6,275 രൂപയും എത്തി. നിലവില്‍ ഒരു പവന് സ്വര്‍ണാഭരണം വാങ്ങണമെങ്കില്‍ ഏറ്റവും കുറഞ്ഞ പണിക്കൂലി, നികുതി, ഹാള്‍മാര്‍ക്കിംഗ് ചാര്‍ജ് ഉള്‍പ്പെടെ 55,000 രൂപയ്ക്ക് അടുത്ത് നല്‍കണം.
ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം കൈവശമുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യയില്‍ ജനങ്ങളുടെ കൈവശം 25,000 ടണ്‍ സ്വര്‍ണത്തില്‍ കൂടുതല്‍ ഉണ്ടെന്നാണ് ഏകദേശ കണക്ക്. ഇപ്പോഴത്തെ സ്വര്‍ണവില അനുസരിച്ച് ഒന്നരക്കോടി ലക്ഷം കോടി രൂപയാണ് ഇന്ത്യയില്‍ കൈവശമുള്ള സ്വര്‍ണത്തിന്റെ ഏകദേശ വില.
വരും ദിവസങ്ങളിലും സ്വര്‍ണ വില ഉയരുമെന്നാണ് വിപണി നല്കുന്ന സൂചനയെന്ന് ഓള് ഇന്ത്യ ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ ദേശീയ ഡയറക്ടര്‍ അഡ്വ. എസ്. അബ്ദുല്‍ നാസര്‍ പറഞ്ഞു.