ഷീറ്റ് കയറ്റുമതിക്ക് റബര്‍ ബോര്‍ഡിന്റെ അഞ്ച് രൂപ ഇന്‍സെന്റീവ്
Saturday, March 16, 2024 1:19 AM IST
കോട്ടയം: ഷീറ്റ് റബര്‍ കയറ്റുമതി ലൈസന്‍സികള്‍ക്കു കിലോഗ്രാമിന് അഞ്ച് രൂപ നിരക്കില്‍ ഇന്‍സെ ന്റീവ് നല്കാന് റബര്‍ ബോര്‍ഡ് തീരുമാനിച്ചു. ജൂണ്‍ അവസാനം വരെ പദ്ധതി നിലവിലുണ്ടാകും.
കയറ്റുമതിക്കാരുടെ പ്രശ്നപരിഹാരത്തിനും പിന്തുണ നല്‍കുന്നതിനും എക്സ്പോര്‍ട്ട് പ്രൊമോഷന് സെല്‍ ബോര്‍ഡ് രൂപീകരിച്ചു. ബോര്‍ഡ് നല്കുന്ന രജിസ്ട്രേഷന്-കം-മെംബര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റും ഇന്ത്യന്‍ നാച്ചുറല്‍ റബര്‍ ലോഗോ ഉപയോഗിക്കാന്‍ രജിസ്ട്രേഷനുമുള്ളവര്‍ക്ക് പ്രോത്സാഹനപദ്ധതിയുടെ പ്രയോജനം ലഭിക്കും.
ഷീറ്റ് റബറിന്റെ അന്താരാഷ്ട്രവില ഈ വര്‍ഷം ജനുവരിയില്‍ ആഭ്യന്തരവിലയെ മറികടന്നിരുന്നു. വിലയില്‍ വ്യത്യാസമുണ്ടെങ്കിലും വിയറ്റ്നാം പോലുള്ള രാജ്യങ്ങളിലെ വിലക്കുറവു കാരണം ഇന്ത്യയില്‍നിന്നു കയറ്റുമതി ചെയ്യാന്‍ കഴിയുന്നില്ല.
ആഗോളതലത്തില്‍ ഷീറ്റ് റബറിന്റെ ഉപഭോഗം 10 ശതമാനം മാത്രമാണ്. ചൈന, മലേഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളാണ് ആര്‍എസ്എസ് ഗ്രേഡുകളുടെ പ്രധാന ഉപയോക്താക്കള്‍. ഷീറ്റ് റബര്‍ സംഭരണത്തിനായി ഈ രാജ്യങ്ങളെല്ലാം ദീര്‍ഘകാലകരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍നിന്നുള്ള കയറ്റുമതിക്ക് അതും തടസമാകുന്നു.
തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ ശൈത്യകാലം, തായ്ലന്ഡിലെ നവംബര്‍-ഡിസംബര്‍ കാലയളവിലെ പ്രതികൂലമായ കാലാവസ്ഥ, കുമിള്‍രോഗങ്ങള്‍, ഉത്പാദനക്കുറവ്, ഇലകൊഴിച്ചില്‍ തുടങ്ങിയവയാണു വിദേശവില ഉയരാന്‍ കാരണം.
കഴിഞ്ഞ ആഴ്ച മുതല്‍ കയറ്റുമതി ഓര്‍ഡറുകള്‍ക്ക് അന്താരാഷ്ട്രവിപണിയില്‍ കാണുന്ന താത്പര്യം ആഭ്യന്തരവില ഉയരുന്നതിനുള്ള കാരണങ്ങളിലൊന്നാണ്. നിലവിലെ കയറ്റുമതി സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നു കയറ്റുമതിക്കാരോടും റബര്‍ ബോര്‍ഡ് കമ്പനികളോടും എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആഭ്യന്തരവിപണിയില്‍ വില സ്ഥിരപ്പെടുത്താത്താന് ഇതു സഹായിക്കുമെന്നാണു വിലയിരുത്തല്‍.
ചെയര്മാന് ഡോ. സാവര്‍ ധനാനിയ, എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍, ബോര്‍ഡംഗം എന്‍. ഹരി, ഇന്ത്യന്‍ റബര്‍ ഡീലേഴ്സ് ഫെഡറേഷന് പ്രസിഡന്റ് ജോര്‍ജ് വാലി എന്നിവര്‍ യോഗത്തില്‍ പ്രസംഗിച്ചു. അറുപതോളം കയറ്റുമതിക്കാര്‍ പങ്കെടുത്തു.