ഏലം മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ കൂട്ടായ്മ വേണം: പി.എസ്. ശ്രീധരൻപിള്ള
Monday, January 22, 2024 12:31 AM IST
കട്ടപ്പന: ഏലം മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കൂട്ടായ്മയുണ്ടാകണമെന്ന് ഗോവ ഗർവണർ പി.എസ്. ശ്രീധരൻപിള്ള. വണ്ടൻമേട് കേന്ദ്രമായി രൂപീകരിച്ച കാർഡമം പ്ലാന്റേഴ്സ് ഫെഡറേഷൻ പുളിയൻമലയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏലം കൃഷി കൂടുതൽ മേഖലകളിലേക്കു വ്യാപിച്ചിരിക്കുകയാണെങ്കിലും ഏറ്റവും ഗുണമേന്മയുള്ള ഏലക്ക ഉത്പാ ദിപ്പിക്കുന്നത് ഇടുക്കിയിലാണ്. മരങ്ങൾക്കു ചുവട്ടിൽ നടത്തുന്ന ഏലം കൃഷി പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ളതായതിനാൽ സുപ്രീംകോടതിയിൽ നിലനിൽക്കുന്ന കേസിൽ ഇക്കാര്യം ധരിപ്പിച്ചാൽ ഗുണകരമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അഡ്മിനിസ്ട്രേറ്റീവ് ഓഫീസിന്റെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിനും ഫെഡറേഷൻ ലോഗോയുടെ പ്രകാശനം ഡീൻ കുര്യാക്കോസ് എംപിയും നിർവഹിച്ചു. മെംബർഷിപ് കാർഡ് വിതരണം എംഎൽഎ എം.എം. മണിയും നിർവഹിച്ചു.