ആസിയാൻ ഇന്ത്യ മില്ലെറ്റ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു
Friday, December 15, 2023 12:08 AM IST
ന്യൂഡൽഹി: ആസിയാൻ ഇന്ത്യ-മില്ലെറ്റ് ഫെസ്റ്റ് കേന്ദ്ര കൃഷി, കർഷകക്ഷേമ, ആദിവാസി മന്ത്രി അർജുൻ മുണ്ഡെ ഉദ്ഘാടനം ചെയ്തു.
കേന്ദ്ര സഹമന്ത്രിമാരായ കൈലാഷ് ചതുർവേദി, ശോഭാ കലന്തരജെ, കൃഷിവകുപ്പ് സെക്രട്ടറി മനോജ് അഹൂജ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ചെറുധാന്യങ്ങളുടെ (മില്ലെറ്റ്) വർഷം ആചരിക്കുന്നതിനാൽ അവയുടെ പ്രോത്സാഹനത്തിനും വൻ വിപണി ലക്ഷ്യത്തിനുമാണ് ഫെസ്റ്റിവൽ നടത്തുന്നത്.
ഇന്ത്യ, കംബോഡിയ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, മ്യാൻമർ, ഫിലിപ്പീൻസ്, തായ്ലൻഡ്, വിയറ്റ്നാം രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു. ധാന്യങ്ങളുടെ ഉത്പാദനത്തിനും വിപണനത്തിനും സർക്കാർ സ്വീകരിക്കുന്ന മാർഗങ്ങൾ മന്ത്രി വിശദീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാജ്യം അന്താരാഷ്ട്ര മില്ലെറ്റ് വർഷത്തിൽ പ്രധാന ചടങ്ങുകൾ സംഘടിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചതായി മന്ത്രി പറഞ്ഞു.
സംസ്ഥാന, കേന്ദ്ര ഭരണപ്രദേശങ്ങളിൽ ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ കീഴിൽ ചെറുധാന്യ ദൗത്യം കേന്ദ്രസർക്കാർ നടപ്പിലാക്കിവരുന്നു. ചെറുധാന്യങ്ങൾ പോഷകങ്ങളുടെ കലവറയാണെന്നും പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായാണ് സർക്കാർ ചെറുധാന്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ-ആസിയാൻ നയതന്ത്ര സഹകരണത്തോടെ ചെറുധാന്യങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് ഫെസ്റ്റിവൽ നടത്തുന്നതെന്ന് കൃഷിവകുപ്പ് സെക്രട്ടറി മനോജ് അഹൂജ പറഞ്ഞു.