മോദി യുക്രെയ്നിൽ; സമാധാനത്തിന് സാധ്യമായതെല്ലാം ചെയ്യാമെന്ന് ഇന്ത്യയുടെ ഉറപ്പ്
Saturday, August 24, 2024 1:09 AM IST
കീവ്: യുക്രെയ്നിൽ എത്രയും വേഗം സമാധാനം കണ്ടെത്തുന്നതിനു സാധ്യമായതെല്ലാം ചെയ്യാമെന്ന് ഇന്ത്യയുടെ ഉറപ്പ്. യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കിയുമായി തലസ്ഥാനമായ കീവിൽ നടത്തിയ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം വ്യക്തമാക്കിയതായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അറിയിച്ചു.
സംഘർഷത്തിനു പരിഹാരം കാണുന്നതിന് റഷ്യയും യുക്രെയ്നും കൂടുതൽ അടുത്തു പ്രവർത്തിക്കണമെന്നും മോദി നിർദേശിച്ചു. വളരെ വിശദമായ തുറന്ന ചർച്ചയാണ് മോദിയും സെലൻസ്കിയും തമ്മിൽ നടന്നതെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.
ഇരുരാജ്യങ്ങളും തമ്മിൽ നാലു കരാറുകളിലും മോദിയുടെ സന്ദർശനവേളയിൽ ഒപ്പിട്ടു. കാർഷിക, ഭക്ഷ്യ, മരുന്ന് വ്യവസായവുമായി ബന്ധപ്പെട്ട കരാറുകൾക്കൊപ്പം സാംസ്കാരിക സഹകരണത്തിനുമാണു ധാരണ. റഷ്യ-യുക്രെയ്ൻ സംഘർഷത്തിനു പരിഹാരമെന്ന ദൗത്യമുൾപ്പെടെയായിരുന്നു പ്രധാനമന്ത്രി ലക്ഷ്യമിട്ടിരുന്നത്.
റഷ്യൻ പ്രവിശ്യയിൽ യുക്രെയ്ൻ സേന പുതിയ പോർമുഖം തുറന്നുദിവസങ്ങൾക്കുള്ളിലാണു പത്തുമണിക്കൂറോളം നീണ്ട ട്രെയിൻ യാത്രയിലൂടെ മോദി കീവിൽ എത്തിയത്. 2022-ൽ റഷ്യയുമായുള്ള യുദ്ധം തുടങ്ങിയശേഷം എല്ലാ ലോകനേതാക്കളും പോളണ്ടിലിറങ്ങി തീവണ്ടിയിലാണ് യുക്രെയ്നിലെത്തുന്നത്.
കീവിൽ എത്തിയ പ്രധാനമന്ത്രിക്ക് ഇന്ത്യൻ സമൂഹം ഊഷ്മള വരവേൽപ് ഒരുക്കിയിരുന്നു.ആറാഴ്ച മുന്പാണ് മോസ്കോയിൽ റഷ്യൻ പ്രധാനമന്ത്രി വ്ളാഡ്മിർ പുടിനുമായി മോദി കൂടിക്കാഴ്ച നടത്തിയത്.
യുക്രെയ്നുമായുള്ള യുദ്ധം തുടരുന്നതിനിടെ മോദി റഷ്യ സന്ദർശിച്ചതിനെ സെലൻസ്കിയടക്കമുള്ള നേതാക്കൾ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മോദിയുടെ സന്ദർശനം.