ഇസ്രയേലിൽ ഹൂതി ഡ്രോൺ ആക്രമണം; ഒരാൾ മരിച്ചു, എട്ടു പേർക്ക് പരിക്ക്
Saturday, July 20, 2024 1:18 AM IST
ടെൽ അവീവ്: ഇസ്രയേലിന്റെ വാണിജ്യ തലസ്ഥാനമായ ടെൽ അവീവിൽ യെമനിലെ ഹൂതി വിമതർ നടത്തിയെന്നു സംശയിക്കുന്ന ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും എട്ടു പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഇറേനിയൻ നിർമിത ഡ്രോൺ ആണ് ഉപയോഗിച്ചത്. യുഎസ് എംബസിയുടെ ശാഖാ കെട്ടിടത്തോടു ചേർന്ന ഫ്ലാറ്റുകളിലാണ് ആക്രമണം ഉണ്ടായത്.
ആക്രമണം ഇസ്രേലി പ്രതിരോധവൃത്തങ്ങളെ മുഴുവൻ ഞെട്ടിച്ചുവെന്നാണ് റിപ്പോർട്ട്. ഇസ്രയേലിൽനിന്ന് 1,600 കിലോമീറ്റർ അകലെയാണ് യെമൻ. മുന്പും ഹൂതികൾ ആക്രമണം നടത്തിയിട്ടുണ്ടെങ്കിലും ഡ്രോണുകളും മിസൈലുകളും വെടിവച്ചിടാൻ ഇസ്രയേലിനു കഴിഞ്ഞിരുന്നു.
ഇന്നലെ പുലർച്ചെ 3.12നായിരുന്നു ആക്രമണം. സ്ഫോടനശബ്ദം കിലോമീറ്ററുകൾ അകലെ കേട്ടു. ഇറേനിയൻ നിർമിത ഡ്രോൺ ദീർഘദൂര ആക്രമണത്തിനായി നവീകരിച്ചതാണെന്നു സംശയിക്കുന്നു.
ഡ്രോൺ വരുന്നത് മുൻകൂട്ടി അറിഞ്ഞെങ്കിലും വെടിവച്ചിടാൻ കഴിയാതിരുന്നത് മനുഷ്യപിഴവു മൂലമാണെന്ന് ഇസ്രേലി സൈനികവൃത്തങ്ങൾ പറഞ്ഞു. വീഴ്ചയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി ഇസ്രേലി വ്യോമസേന അറിയിച്ചു.
വ്യോമപ്രതിരോധ സംവിധാനങ്ങളെ കബളിപ്പിക്കാൻ ശേഷിയുള്ള ഡ്രോൺ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് ഹൂതി വക്താവ് യെഹിയ സാരീ പറഞ്ഞു.
ഇസ്രയേലിൽ ഇനിയും ആക്രമണം നടത്തുമെന്നും ടെൽ അവീവ് ആയിരിക്കും പ്രധാന ലക്ഷ്യമെന്നും ഇയാൾ ഭീഷണി മുഴക്കി. ഹൂതികൾ പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മെഡിറ്ററേനിയനിലൂടെ പോകുന്ന ചരക്കുകപ്പലുകളെ പതിവായി ആക്രമിക്കുന്നുണ്ട്.