പാക്കിസ്ഥാനിൽ ഗ്രാമീണ ആരോഗ്യകേന്ദ്രത്തിൽ ഭീകരാക്രമണം; ഏഴു പേർ കൊല്ലപ്പെട്ടു
Tuesday, July 16, 2024 11:48 PM IST
പെഷവാർ: വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിൽ ഗ്രാമീണ ആരോഗ്യകേന്ദ്രത്തിനു നേർക്കുണ്ടായ ഭീകരാക്രമണത്തിൽ രണ്ടു സുരക്ഷാ ജീവനക്കാർ ഉൾപ്പെടെ ഏഴു പേർ കൊല്ലപ്പെട്ടു.
ഖൈബർ പഖ്തുൺഖ്വാ പ്രവിശ്യയിലെ കിറി ഷാമോസായിയിലെ റൂറൽ ഹെൽത്ത് സെന്ററിനു(ആർഎച്ച്സി) നേർക്കായിരുന്നു ആക്രമണം. ആർഎച്ച്സി ജീവനക്കാരാണ് കൊല്ലപ്പെട്ടത്. പ്രായപൂർത്തിയാകാത്ത രണ്ടു പേരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ആക്രമണം നടത്തിയ ഭീകരരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു.
പാക്കിസ്ഥാനിൽ 24 മണിക്കൂറിനിടെയുണ്ടായ രണ്ടാമത്തെ ഭീകരാക്രമണമാണിത്. തിങ്കളാഴ്ച പുലർച്ചെ ബന്നു കന്റോൺമെന്റിനു നേർക്ക് ഭീകരർ നടത്തിയ ആക്രമണത്തിൽ എട്ടു സൈനികർ കൊല്ലപ്പെട്ടു. ആക്രമണം നടത്തിയ പത്തു ഭീകരരെയും സൈന്യം വധിച്ചു.