ഇന്ത്യൻ കുടുംബത്തിന്റെ വേർപാടിൽ വിതുന്പി സുഹൃത്തുക്കൾ
Monday, January 1, 2024 12:29 AM IST
ബോസ്റ്റൺ: അമേരിക്കയിലെ ബോസ്റ്റൺ നഗരത്തിനടുത്ത് ഡോവർ ടൗണിലെ വസതിയിൽ ഇന്ത്യൻ വംശജരായ ദന്പതികളെയും മകളെയും വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം തുടരുന്നു.
സാന്പത്തിക പ്രതിസന്ധിയെത്തുടർന്നുണ്ടായ കുടുംബകലഹമാണു രാകേഷ് കമാൽ (57), ഭാര്യ ടീന കമാൽ (54), മകൾ അരിയാന (18) എന്നിവരുടെ കൂട്ടമരണത്തിനു കാരണമെന്നാണു പോലീസ് നൽകുന്ന സൂചന. ഭാര്യയെയും മകളെയും വെടിവച്ച് കൊലപ്പെടുത്തിയശേഷം രാകേഷ് സ്വയം വെടിവച്ച് മരിക്കുകയായിരുന്നുവെന്നാണു നിഗമനം. രാകേഷിന്റെയും കുടുംബത്തിന്റെയും വേർപാട് വിശ്വസിക്കാനാകുന്നില്ലെന്നാണ് അയൽവാസി മൈക്കിൾ പറഞ്ഞത്.
ബോസ്റ്റൺ യൂണിവേഴ്സിറ്റിയിലും സ്റ്റാൻഫൊർഡ് യൂണിവേഴ്സിറ്റിയിലും ഉന്നത വിദ്യാഭ്യാസം നേടിയയാളാണു രാകേഷ്. ഡൽഹി യൂണിവേഴ്സിറ്റിയിലും ഹാർവാർഡ് യൂണിവേഴ്സിറ്റിയിലുമായിരുന്നു ടീനയുടെ ഉന്നതവിദ്യാഭ്യാസം.
വെർമോണ്ടിലെ മിഡിൽബറി കോളജിൽ ന്യൂറോ സയൻസ് വിദ്യാർഥിനിയായിരുന്നു അരിയാന.
അരിയാന കോളജിലെ മികച്ച ഗായികയും സംഗീതോപകരണങ്ങളിൽ വിദഗ്ധയും പഠനത്തിൽ മുന്നിട്ടുനിന്ന വിദ്യാർഥിനിയുമായിരുന്നുവെന്ന് അധ്യാപിക മെലിസ ഹമേർലെ പറഞ്ഞു.