തുർക്കിയിൽ ഐഎസ് ബന്ധമുള്ള 189 പേർ അറസ്റ്റിൽ
Monday, January 1, 2024 12:29 AM IST
അങ്കാറ: തുർക്കിയിലെ വിവിധ പ്രവിശ്യകളിലുള്ള 37 നഗരങ്ങളിൽ നടത്തിയ റെയ്ഡിൽ ഐഎസ് ബന്ധമുള്ള 189 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
രാജ്യത്ത് സിനഗോഗുകൾക്കും ക്രൈസ്തവ ദേവാലയങ്ങൾക്കും നേരേ ആക്രമണം നടത്താനുള്ള ഐഎസ് നീക്കം തകർത്തതായും പോലീസ് വെളിപ്പെടുത്തി. ഒരു ഭീകരപ്രസ്ഥാനത്തെയും രാജ്യത്തു പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും വരുംദിവസങ്ങളിലും റെയ്ഡ് തുടരുമെന്നും ആഭ്യന്തരമന്ത്രി അലി യെർലികായ പറഞ്ഞു.
തലസ്ഥാനനഗരമായ അങ്കാറ, ഇസ്താംബൂൾ, അന്റാലിയ, ബർസ, ദിയാർബാകിർ തുടങ്ങിയ വൻ നഗരങ്ങളിലും റെയ്ഡ് നടത്തി. ഇറാക്കി എംബസിക്കു നേരേ ആക്രമണം നടത്താൻ പദ്ധതിയിട്ട 32 ഐഎസ് ഭീകരരെ അറസ്റ്റ് ചെയ്തതോടെയാണു രാജ്യവ്യാപകമായി റെയ്ഡ് നടത്താൻ ആഭ്യന്തരവകുപ്പ് തീരുമാനിച്ചത്. 2017ലെ പുതുവർഷദിനത്തിൽ ഇസ്താംബൂളിലെ നിശാക്ലബ്ബിനു നേരേ ഐഎസ് ഭീകരർ നടത്തിയ ആക്രമണത്തിൽ 39 പേർ കൊല്ലപ്പെട്ടിരുന്നു.