ഇന്ത്യൻ വിദ്യാർഥിനിയുടെ അപകടമരണം; പോലീസ് ഉദ്യോഗസ്ഥനെ പുറത്താക്കി
Wednesday, January 8, 2025 1:46 AM IST
സിയാറ്റിൽ/ന്യൂയോർക്ക്: പോലീസ് പട്രോൾ വാഹനമിടിച്ച് യുഎസിലെ ഇന്ത്യൻ വിദ്യാർഥിനി ജാഹ്നവി കണ്ടുല(23) മരിച്ച സംഭവത്തിൽ കുറ്റക്കാരനായ പോലീസ് ഉദ്യോഗസ്ഥനെ സർവീസിൽനിന്ന് പുറത്താക്കി. ആന്ധ്രപ്രദേശിൽനിന്നുള്ള വിദ്യാർഥിനിയായിരുന്നു ജാഹ്നവി. 2023 ജനുവരിയിലായിരുന്നു സംഭവം.
റോഡ് മുറിച്ചുകടക്കവേയായിരുന്നു കെവിൻ ഡേവ് എന്ന പോലീസ് ഉദ്യോഗസ്ഥൻ അമിതവേഗത്തിൽ ഓടിച്ചിരുന്ന വാഹനം ജാഹ്നവിയെ ഇടിച്ചുവീഴ്ത്തിയത്. അമിതമായി മയക്കുമരുന്ന് കഴിച്ചതുമായി ബന്ധപ്പെട്ട സംഭവത്തക്കുറിച്ചൊരു ഫോൺ കോൾ പോലീസിനു ലഭിച്ചിരുന്നു. ഇതാണ് അമിതവേഗത്തിൽ വാഹനമോടിക്കാൻ ഡേവിനെ പ്രേരിപ്പിച്ചത്.
ആരെയും മനഃപൂർവം ഉപദ്രവിക്കാൻ ഡേവ് ഉദ്ദേശിച്ചിരുന്നില്ലെങ്കിലും മനുഷ്യജീവൻ നഷ്ടപ്പെടാനിടയാക്കിയ സംഭവം സിയാറ്റിൽ പോലീസിന് മാനക്കേടുണ്ടാക്കിയെന്നും അതിനാലാണു നടപടിയെന്നും പോലീസ് മേധാവി സ്യൂ റാഹ്ർ പറഞ്ഞു.