ഗാസയിലെ പള്ളി ആക്രമണം: അപലപിച്ച് ഫ്രാൻസിസ് മാർപാപ്പ
Monday, December 18, 2023 12:59 AM IST
വത്തിക്കാൻ സിറ്റി: ഗാസയിലെ ഹോളി ഫാമിലി പള്ളിയിൽ ഇസ്രേലി സേന നടത്തിയ ആക്രമണത്തെ ഫ്രാൻസിസ് മാർപാപ്പ അപലപിച്ചു. ആക്രമണത്തിൽ രണ്ടു ക്രൈസ്തവ വനിതകൾ കൊല്ലപ്പെടുകയും മിഷണറീസ് ഓഫ് ചാരിറ്റി സന്യാസിനിമാരുടെ മഠം തകരുകയും ചെയ്തിരുന്നു.
ഗാസയിൽനിന്നു വേദനാജനകമായ വാർത്തകളാണു ലഭിക്കുന്നതെന്ന് ഇന്നലെ ത്രികാലജപ പ്രാർഥനയ്ക്കിടെ മാർപാപ്പ പറഞ്ഞു. “ഗാസയിലെ ഹോളി ഫാമിലി പള്ളിവളപ്പിൽ തീവ്രവാദികളല്ല കുടുംബങ്ങൾ, കുട്ടികൾ, രോഗികൾ, ഭിന്നശേഷിക്കാർ, കന്യാസ്ത്രീകൾ എന്നിവരാണ് ഉണ്ടായിരുന്നത്. നഹിദാ ഖലീൽ ആന്റൺ എന്ന അമ്മയും അവരുടെ മകളായ സമാർ കമാൽ ആന്റണും കൊല്ലപ്പെട്ടു. മറ്റുള്ളവർക്കു പരിക്കേറ്റു. ബാത്ത് റൂമിലേക്കു പോകുന്പോഴാണ് ഇവർക്കു നേർക്ക് വെടിവയ്പുണ്ടായത് -മാർപാപ്പ കൂട്ടിച്ചേർത്തു.
ഗാസയിലെ ഏക കത്തോലിക്കാ ഇടവകയായ ഹോളി ഫാമിലി പള്ളിക്കു സമീപം കനത്ത ബോംബിംഗാണ് ഇസ്രേലി സേന ശനിയാഴ്ച നടത്തിയത്.
സൈനിക ടാങ്കിൽനിന്നുള്ള റോക്കറ്റ് ആക്രമണത്തിൽ പള്ളിവളപ്പിലുള്ള മിഷണറീസ് ഓഫ് ചാരിറ്റി സന്യാസിനിമാരുടെ മഠം തകർന്നതായി ജറൂസലെമിലെ ലത്തീൻ പാത്രിയാർക്കീസിന്റെ ഓഫീസ് അറിയിച്ചു. മഠത്തിലെ ജനററേറ്റർ തകരുകയും വൻ തീപിടത്തമുണ്ടാവുകയും ചെയ്തു. കെട്ടിടം ഉപയോഗശൂന്യമായി. 54 ഭിന്നശേഷിക്കാരാണു മഠത്തിലുണ്ടായിരുന്നത്. യുദ്ധം തുടങ്ങിയകാലത്തുതന്നെ ഇവിടം ആരാധനാ കേന്ദ്രമാണെന്ന സിഗ്നൽ നല്കിയിരുന്നുവെന്നും ഓഫീസ് പറഞ്ഞു.
ശനിയാഴ്ച വൈകുന്നേരം ഇസ്രേലി സ്നൈപ്പർ സൈനികന്റെ വെടിയേറ്റാണ് പള്ളിയിൽ അഭയം തേടിയിരുന്ന രണ്ടു ക്രൈസ്തവ വനിതകൾ കൊല്ലപ്പെട്ടത്. വെടിവയ്പിൽ ഏഴു പേർക്കു പരിക്കേൽക്കുകയും ചെയ്തു.