ചീഫ് ജസ്റ്റീസിനു നേരേ അതിക്രമം; അഭിഭാഷകനെതിരേ കോടതിയലക്ഷ്യ നടപടി
Friday, October 17, 2025 2:27 AM IST
ന്യൂഡൽഹി: സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായിക്കുനേരേ ഷൂ എറിയാൻ ശ്രമിച്ച അഭിഭാഷകൻ രാകേഷ് കിഷോറിനെതിരേ കോടതിയലക്ഷ്യ നടപടി ആരംഭിക്കാൻ അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി അനുമതി നൽകി.
സുപ്രീംകോടതിയിലെ രണ്ടാമത്തെ മുതിർന്ന ജഡ്ജി ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് മുന്പാകെ സോളിസിറ്റർ ജനറൽ തുഷാർ മേത്തയും സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് വികാസ് സിംഗുമാണ് ഇക്കാര്യം അറിയിച്ചത്. രാകേഷ് കിഷോറിനെതിരേ ക്രിമിനൽ കോടതിയലക്ഷ്യ കേസ് ഇന്നു ലിസ്റ്റ് ചെയ്യണമെന്ന ആവശ്യവും ബെഞ്ചിനു മുന്നിൽ പരാമർശിച്ചു.
എന്നാൽ ചീഫ് ജസ്റ്റീസ് തന്നെ ഒഴിവാക്കിയ വിഷയം കൂടുതൽ വലിച്ചുനീട്ടണോയെന്നു കോടതി ചോദിച്ചു. ഇത്തരം സംഭവങ്ങൾ കോടതിയുടെ പ്രവർത്തനത്തെ ഒരിക്കലും ബാധിക്കില്ലെന്നും ജസ്റ്റീസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ജി എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
അതേസമയം, നടന്ന സംഭവങ്ങൾ സമൂഹമാധ്യമത്തിലൂടെ തെറ്റായി വ്യാഖ്യാനിക്കുന്നുണ്ടെന്നും അഭിഭാഷകന്റെ പ്രവൃത്തിയെ മഹത്വവത്കരിക്കുന്നുണ്ടെന്നും സോളിസിറ്റർ ജനറൽ കോടതിയിൽ വ്യക്തമാക്കി. അതിനാൽ നടപടി വേണമെന്നും അദ്ദേഹം ബെഞ്ചിനോട് ആവശ്യപ്പെട്ടു. തുടർന്ന് ദീപാവലി അവധിക്കുശേഷം കേസ് ലിസ്റ്റ് ചെയ്യുമെന്ന് കോടതി അറിയിച്ചു.