മുസ്ലിം വോട്ടർമാരെ നീക്കം ചെയ്തെന്ന ആരോപണം തള്ളി തെര. കമ്മീഷൻ
Friday, October 17, 2025 2:27 AM IST
ന്യൂഡൽഹി: ബിഹാറിൽ വോട്ടർപട്ടികയിലെ തീവ്രപരിഷ്കരണത്തെ (സ്പെഷൽ ഇന്റൻസീവ് റിവിഷൻ- എസ്ഐആർ) ത്തുടർന്ന് മുസ്ലിം വോട്ടർമാരെ ഒഴിവാക്കിയെന്ന ആരോപണത്തെ ശക്തമായി എതിർത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ.
ഹർജിക്കാരായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് സത്യവാങ്മൂലത്തിൽ ഉന്നയിച്ച അവകാശവാദം അടിസ്ഥാനരഹിതവും വർഗീയത സൃഷ്ടിക്കുന്ന സമീപനവുമാണെന്നു ചൂണ്ടിക്കാട്ടി ആരോപണം അവഗണിക്കണമെന്ന് ജസ്റ്റീസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ജി എന്നിവരുടെ ബെഞ്ചിനോട് കമ്മീഷൻ ആവശ്യപ്പെട്ടു. വോട്ടർപട്ടികയുടെ ഡാറ്റാബേസ് ഒരു വോട്ടറുടെ മതത്തെ സംബന്ധിച്ച യാതൊരു വിവരവും രേഖപ്പെടുത്തുകയോ ശേഖരിക്കുകയോ ചെയ്യുന്നില്ലെന്ന് കമ്മീഷൻ കോടതിയെ അറിയിച്ചു.
കഴിഞ്ഞയാഴ്ചത്തെ സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം പട്ടികയിൽനിന്ന് ഒഴിവാക്കിയവർക്കു സൗജന്യ നിയമസഹായം വാഗ്ദാനം ചെയ്തിട്ടും പരാതികളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കമ്മീഷൻ കോടതിയെ അറിയിച്ചു.
കരട് വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ട 65 ലക്ഷം വോട്ടർമാരിൽ 25 ശതമാനവും അന്തിമ വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവരിൽ 34 ശതമാനം പേരും മുസ്ലിം വിഭാഗത്തിൽപ്പെട്ടവരാണെന്ന ഹർജിക്കാരുടെ ആരോപണത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ മറുപടി നൽകിയത്.
അന്തിമ വോട്ടർപട്ടികയിൽ ചേർത്തവരുടെയും ഒഴിവാക്കിയവരുടെയും പേരുകളുടെ പട്ടിക പ്രസിദ്ധീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോടു നിർദേശിക്കണമെന്ന ആവശ്യം ഇന്നലെയും വാദത്തിനിടയിൽ ഹർജിക്കാർ ഉന്നയിച്ചു.
വിഷയത്തിൽ നവംബർ നാലിന് വീണ്ടും വാദം കേൾക്കും. നവംബർ 6, 11 തീയതികളിലായി രണ്ടു ഘട്ടമായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.