അമേരിക്കയിൽനിന്ന് കൂടുതൽ എൽപിജി വാങ്ങും
Friday, October 17, 2025 2:27 AM IST
ന്യൂഡൽഹി: റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് നിർത്താൻ പ്രധാനമന്ത്രി മോദി സമ്മതിച്ചുവെന്ന തരത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ പ്രസ്താവന രാഷ്ടീയ വിവാദമായിരിക്കെ അമേരിക്കയിൽനിന്നുള്ള ഊർജ ഇറക്കുമതി വർധിപ്പിക്കാൻ പദ്ധതിയിട്ട് ഇന്ത്യ.
ഇതിന്റെ ഭാഗമായി മധ്യപൂർവേഷ്യൻ രാജ്യങ്ങളിൽനിന്നുള്ള എൽപിജി (ലിക്യുഫൈഡ് പെട്രോളിയം ഗ്യാസ്) ഇറക്കുമതി കുറച്ച് അമേരിക്കയിൽനിന്ന് കൂടുതൽ എൽപിജി വാങ്ങാൻ ഇന്ത്യ പദ്ധതിയിടുന്നുവെന്നാണ് റിപ്പോർട്ട്.
വിദേശത്തുനിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയിലെ കന്പനികൾ സൗദി അറേബ്യയിലെയും യുഎഇയിലെയും കുവൈറ്റിലെയും ഖത്തറിലെയും പരന്പരാഗത എൽപിജി വിതരണക്കാരെ ഇറക്കുമതി വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം അറിയിച്ചെന്ന് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ അമേരിക്കൻ സന്ദർശനത്തിൽ അമേരിക്കയിൽനിന്നുള്ള ഊർജവ്യാപാരം 1000 കോടി ഡോളറിൽനിന്ന് 2500 കോടി ഡോളറാക്കി ഉയർത്താൻ തീരുമാനിച്ചിരുന്നു. ഇന്ത്യയിലെ ഉന്നത വ്യാപാര പ്രതിനിധിസംഘം നിലവിൽ അമേരിക്കയിൽ ചർച്ചകൾ നടത്തുന്പോഴാണ് ട്രംപിന്റെ പ്രഖ്യാപനവും എൽപിജി വ്യാപാരത്തെപ്പറ്റിയുള്ള ഇന്ത്യയിലെ കന്പനികളുടെ തീരുമാനങ്ങളും വരുന്നുവെന്നതു ശ്രദ്ധേയമാണ്.
അമേരിക്കയിൽനിന്നുള്ള എൽപിജി ഇറക്കുമതിക്ക് തീരുവ ഇല്ലാതാക്കുന്നതു സംബന്ധിച്ച ചർച്ച ഇന്ത്യ ഏപ്രിലിൽ നടത്തിയിരുന്നു. അമേരിക്കയിൽനിന്നുള്ള എൽപിജി ഇറക്കുമതി വർധിക്കുകയും അത്തരം ഇറക്കുമതികൾക്ക് തീരുവ ഇല്ലാതാകുകയും ചെയ്താൽ രാജ്യത്ത് പാചകവാതകത്തിനു വില കുറയാനും സാധ്യതയുണ്ട്.