വിമാനങ്ങൾക്കു വ്യാജ ബോംബ് ഭീഷണി
Wednesday, October 16, 2024 2:25 AM IST
ന്യൂഡൽഹി: യുഎസിലേക്കുൾപ്പെടെ അഞ്ച് വിമാനങ്ങൾക്ക് സമൂഹമാധ്യമമായ എക്സിലൂടെ ഇന്നലെ ബോംബ് ഭീഷണി. ഇതേത്തുടർന്ന് വിവിധ വിമാനത്താവളങ്ങളിൽ ഭീകരവിരുദ്ധ പരിശോധനകൾ നടന്നു. ഇതിനു പുറമേ രണ്ടു വിമാനങ്ങൾക്കുകൂടി ഭീഷണിയുണ്ടായതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ഔദ്യോഗിക സ്ഥിരീകരണമില്ല.
ജയ്പുരിൽനിന്ന് അയോധ്യവഴി ബംഗളൂരുവിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് (ഐഎക്സ് 765), ബിഹാറിലെ ദർഭംഗയിൽനിന്ന് മുംബൈയിലേക്കുള്ള സ്പൈസ് ജെറ്റ് (എസ്ജി 116), സിലിഗുരിയിൽനിന്നു ബംഗളൂരുവിലേക്കുള്ള ആകാശ എയർ പ്ലെയിൻ (ക്യുപി 1373), ഡൽഹിയിൽനിന്ന് ചിക്കാഗോയിലേക്കുള്ള എയർ ഇന്ത്യ വിമാനം (എഐ 127), സൗദിയിലെ ദമാമിൽനിന്ന് ലക്നൗവിലേക്കുള്ള ഇൻഡിഗോ വിമാനം (6 ഇ 98) എന്നീ വിമാനങ്ങൾ ക്കായിരുന്നു ഭീഷണി.
എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അയോധ്യ വിമാനത്താവളത്തിൽ സുരക്ഷാപരിശോധനയ്ക്കു വിധേയമാക്കി. സ്പൈസ് ജെറ്റ്, ആകാശ വിമാനങ്ങൾ സുരക്ഷിതമായി യാത്ര പൂർത്തിയാക്കി.
രണ്ടു വിമാനങ്ങളും നിർദേശിക്കപ്പെട്ട സുരക്ഷാപരിശോധനകൾക്കു വിധേയമാക്കുകയും ചെയ്തു. ചിക്കാഗോ വിമാനം സുരക്ഷാപരിശോധനയ്ക്കായി കാനഡയിലേക്കു വഴിതിരിച്ചുവിടുകയായിരുന്നു.