കലാപത്തിനു പരിഹാരം തേടി മണിപ്പുർ എംഎൽഎമാർ ഇന്നു യോഗംചേരും
Tuesday, October 15, 2024 2:06 AM IST
ഇംഫാൽ: മണിപ്പുരിലെ കലാപത്തിനുശമനം തേടി സംസ്ഥാനത്തെ മെയ്തേ, കുക്കി, നാഗ എംഎൽഎമാർ സംയുക്ത യോഗംചേരും.
കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ ഡൽഹിയിൽ നടക്കുന്ന യോഗത്തിൽ മൂന്ന് നാഗ എംഎൽഎമാരുടെ പങ്കാളിത്തം ഉറപ്പായി. മെയ്തേ, കുക്കി വിഭാഗങ്ങളിൽനിന്ന് എത്രപേർ പങ്കെടുക്കുമെന്നതിൽ വ്യക്തതയില്ല.
പരസ്പരം പോരാടുന്ന വിഭാഗങ്ങൾ തമ്മിൽ ചർച്ചകളിലൂടെ പ്രശ്നപരിഹാരം തേടുക എന്നതാണ് ലക്ഷ്യമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
2023 മേയിൽ തുടങ്ങിയ സംഘർഷം മൂലം ഇതുവരെ ഇരുനൂറിലേറെപ്പേർക്കാണു ജീവൻനഷ്ടമായത്. നൂറുകണക്കിനുപേർ ഭവനരഹിതരായി. ആയിരങ്ങൾ വീടുപേക്ഷിച്ച് ക്യാന്പുകളിൽ കഴിയുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ഒട്ടേറെപ്പേർ താമസസ്ഥലത്തേക്ക് തിരിച്ചെത്തിയെന്ന് സംസ്ഥാനസർക്കാർ അവകാശപ്പെടുന്നു.
ഭരണകക്ഷിയായ ബിജെപി നേതൃത്വം നൽകുന്ന മുന്നണിയുടെ ഭാഗമായ നാഗ പീപ്പിൾസ് ഫ്രണ്ട് (എൻപിഎഫ്) എംഎൽഎമാരായ അവാംഗ്ബൗ ന്യൂമൈ, എൽ ദിഖോ, റാം മുയിവ എന്നിവർ യോഗത്തിൽ പങ്കെടുക്കുമെന്ന് ഉറപ്പായി.
അതേസമയം പ്രശ്നപരിഹാരത്തിനുള്ള ഏതു ശ്രമവും സ്വാഗതാർഹമാണെന്നും എന്നാൽ ചർച്ചയിലേക്കു പ്രതിപക്ഷകക്ഷികളെ ക്ഷണിച്ചിട്ടില്ലെന്നും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കെ. മേഘചന്ദ്ര ആരോപിച്ചു. ചർച്ച ക്രിയാത്മകമായാൽ മുഴുവൻ ജനങ്ങൾക്കും അതു പ്രയോജനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.