വിനേഷിനെ "കൈ' വിടാതെ ജുലാന
Wednesday, October 9, 2024 2:06 AM IST
ന്യൂഡൽഹി: ഹരിയാനയിൽ വീശിയടിച്ച ബിജെപി കൊടുങ്കാറ്റിന് ജുലാനയിലെ വൻമരത്തെ കടപുഴക്കാൻ ശക്തിയുണ്ടായിരുന്നില്ല. ഗോദയിൽ എതിരാളികളെ മലർത്തിയടിക്കുന്ന അതേ കരുത്തോടെതന്നെ ജുലാനയുടെ ജനഹിതവും വിനേഷ് ഫോഗട്ട് കീഴടക്കി.
വിനേഷിലൂടെ കോണ്‍ഗ്രസിന് വീണ്ടെടുക്കാൻ കഴിഞ്ഞത് 19 വർഷമായി അകന്നുനിൽക്കുന്ന ജാട്ട് മേധാവിത്വമുള്ള മണ്ഡലമാണ്. ഒപ്പം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇവിടെ മൂന്നാം സ്ഥാനത്തേക്കു കൂപ്പുകുത്തിയതിന്റെ അപമാനഭാരവും കോണ്‍ഗ്രസ് തുടച്ചുമാറ്റി.
പല സീറ്റുകളിലും കോണ്‍ഗ്രസിനുള്ളിൽ സംശയങ്ങൾ നിലനിന്നിരുന്നുവെങ്കിലും ജുലാനയെ പ്രതിനിധീകരിക്കാൻ പാർട്ടിക്കുമുന്‍പിൽ ഒരേയൊരു പേരെ ആദ്യം മുതൽ ഉണ്ടായിരുന്നുള്ളൂ. ബിജെപിക്കെതിരേ സമരവേദികളിൽ പോരാട്ടം നയിച്ചിട്ടുള്ള, പാരീസ് ഒളിംപിക്സിൽ നിർഭാഗ്യത്തിന്റെ കണ്ണുനീർ വീഴ്ത്തിയ വിനേഷ് ഫോഗട്ടിനെ.
ജുലാന വിനേഷിന്റെ ഭർത്താവിന്റെ നാടാണെന്നത് അവളെ ആ നാടിന്റെ "ബഹു'(മരുമകൾ) വാക്കി മാറ്റിയിരുന്നു. ജാട്ട് മേധാവിത്വമുള്ള മണ്ഡലത്തിൽ അതേ സമുദായത്തിൽനിന്നുള്ള വിനേഷിനെ രംഗത്തിറക്കിയതിലൂടെ വിജയം സുനിശ്ചിതമായിരിക്കുമെന്ന് കോണ്‍ഗ്രസ് ഉറപ്പിച്ചതാണ്.
ബിജെപിയുടെ ക്യാപ്റ്റൻ യോഗേഷ് ഭൈരാഗിയെയാണു വിനേഷ് മലർത്തിയടിച്ചത്. രാജ്യം ഉറ്റുനോക്കിയ തെരഞ്ഞെടുപ്പിൽ വിനേഷിന് എളുപ്പത്തിൽ വിജയമെന്ന് പലരും വിധിയെഴുതിയെങ്കിലും ശക്തമായ മത്സരമാണു ബിജെപി കാഴ്ചവച്ചത്.
യോഗേഷ് ഭൈരാഗിയെക്കാൾ 6015 വോട്ട് മാത്രമാണ് ഗുസ്തിതാരത്തിന് അധികം നേടാൻ കഴിഞ്ഞത്. 65,080 വോട്ട് വിനേഷ് നേടിയപ്പോൾ യോഗേഷ് 59,065 വോട്ട് നേടി. ജെജെപിയുടെ സിറ്റിംഗ് എംഎൽഎ അമർജീത് ദണ്ഡ 2,477 വോട്ട് മാത്രം നേടി നാലാം സ്ഥാനത്താണ്.
ജാട്ട് വിഭാഗക്കാരെത്തന്നെ സ്ഥാനാർഥികളാക്കി ജെജെപി, ഐഎൻഎൽഡി, ആം ആദ്മി തുടങ്ങിയ പാർട്ടികൾ രംഗത്തുവന്നപ്പോൾ ബിജെപി സ്ഥാനാർഥി പിന്നാക്ക വിഭാഗക്കാരനായിരുന്നു.
എന്നാൽ ജാതി, സമുദായ സമവാക്യങ്ങൾ ഇല്ലാതാക്കിയാണ് വിനേഷിന്റെ വിജയമെന്നത് ജനവിധിയുടെ മാറ്റുകൂട്ടുന്നു. ജുലാനയിൽ മത്സരം കോണ്‍ഗ്രസും ബിജെപിയും തമ്മിലല്ല, വിനേഷും മറ്റു പാർട്ടികളും തമ്മിലാണെന്നായിരുന്നു ഗ്രാമീണർ പറഞ്ഞിരുന്നത്.