ഹരിയാനയിലെ പത്തിൽ എട്ടു മന്ത്രിമാരും സ്പീക്കറും തോറ്റു
Wednesday, October 9, 2024 2:06 AM IST
ചണ്ഡിഗഡ്: ഹരിയാനയിൽ ബിജെപി ഹാട്രിക് വിജയം നേടിയെങ്കിലും പത്തിൽ എട്ടു മന്ത്രിമാരും നിയമസഭാ സ്പീക്കറും തോറ്റത് ബിജെപിക്ക് ആഘാതമായി. സ്പീക്കർ ഗ്യാൻചന്ദ് ഗുപ്ത പഞ്ച്കുള സീറ്റിൽ കോൺഗ്രസിലെ ചന്ദർമോഹനോടാണു തോറ്റത്.
തെരഞ്ഞെടുപ്പിനു തൊട്ടു മുന്പു ബിജെപിയിൽനിന്നു രാജിവച്ച മന്ത്രി രഞ്ജിത് സിംഗ് ചൗട്ടാല റാണിയ മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തായി. ഐഎൻഎൽഡി സ്ഥാനാർഥിയും രഞ്ജിത്തിന്റെ ബന്ധുവുമായ അർജുൻ ചൗട്ടാലയാണ് ഇവിടെ വിജയിച്ചത്. തനേസർ മണ്ഡലത്തിൽ മന്ത്രി സുഭാഷ് ഗുപ്ത കോൺഗ്രസിലെ അശോക് അറോറയോടു തോറ്റു.
നൂഹിൽ മന്ത്രി സഞ്ജയ് സിംഗ് മൂന്നാം സ്ഥാനത്തായി. കോൺഗ്രസിലെ അഫ്താബ് അഹമ്മദാണ് വിജയിച്ചത്. ഹിസാറിൽ മന്ത്രി കമൽ ഗുപ്ത മൂന്നാം സ്ഥാനത്തായി. സ്വതന്ത്രയായ സാവിത്രി ജിൻഡാൽ ആണു വിജയിച്ചത്.
അസെം ഗോയൽ, കൻവർ പാൽ, ജയ്പ്രകാശ് ദലാൽ. അഭേ സിംഗ് യാദവ് എന്നീ മന്ത്രിമാരും പരാജയം രുചിച്ചു. മഹിപാൽ ധന, മൂൽചന്ദ് ശർമ എന്നീ മന്ത്രിമാർ മാത്രമാണ് മുഖ്യമന്ത്രി സെയ്നിക്കൊപ്പം വിജയിച്ചവർ.