വിദേശത്ത് ഇന്ത്യക്കാർക്ക് അപകടകരമായ ജോലികൾ
Tuesday, October 8, 2024 2:47 AM IST
ന്യൂഡൽഹി: വിദേശരാജ്യങ്ങളിൽ ഇന്ത്യക്കാർക്കു അപകടകരമായതും താഴ്ന്ന നിലവാരത്തിലുള്ളതുമായ ജോലികൾ ലഭിക്കുന്നതു സാധാരണമായ സാഹചര്യത്തിൽ ഇതു സംബന്ധിച്ച് പാർലമെന്ററി സമിതി അന്വേഷണം തുടങ്ങി. കോൺഗ്രസ് നേതാവ് ശശി തരൂർ അധ്യക്ഷനായ സമിതിയുടെ ആദ്യയോഗം ഇന്നലെ ചേർന്നു.
ജോലി വാഗ്ദാനം ചെയ്ത് റഷ്യയിലെത്തിച്ച ഏതാനും ഇന്ത്യക്കാർക്കു യുക്രെയ്നെതിരേയുള്ള യുദ്ധത്തിൽവരെ പങ്കെടുക്കേണ്ടിവന്നുവെന്ന് എംപിമാർ പറഞ്ഞു.
യുദ്ധത്തിൽ എട്ട് ഇന്ത്യക്കാരെങ്കിലും കൊല്ലപ്പെട്ടിരിക്കാമെന്ന് ഓഗസ്റ്റിൽ കേന്ദ്രസർക്കാർ പാർലമെന്റിനെ അറിയിച്ചിരുന്നു.
റഷ്യയുമായി പ്രശ്നം ചർച്ച ചെയ്യുമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. റഷ്യയിൽ മാത്രമല്ല ഇസ്രയേലിലും ബംഗ്ലാദേശിലും സമാനസാഹചര്യം നിലവിലുണ്ടെന്നു യോഗം വിലയിരുത്തി.