ആൾമാറാട്ടം നടത്തി വിവാഹം: ഉത്തർപ്രദേശിൽ യുവാവിന് ജീവപര്യന്തം
Thursday, October 3, 2024 1:21 AM IST
ലക്നോ: ആൾമാറാട്ടം നടത്തി ഹിന്ദു യുവതിയെ വിവാഹം ചെയ്യുകയും നിർബന്ധിച്ചു മതം മാറ്റാൻ ശ്രമിക്കുകയും ഗർഭഛിദ്രത്തിനു നിർബന്ധിക്കുകയും ചെയ്ത സംഭവത്തിൽ യുവാവിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ഉത്തർപ്രദേശ് കോടതി. ഉത്തർപ്രദേശിലെ ബറെയ്ലി അതിവേഗ കോടതിയാണ് 25 കാരനായ മുസ്ലിം യുവാവിനെ ശിക്ഷിച്ചത്. വിവാഹത്തിനു കൂട്ടുനിന്ന യുവാവിന്റെ പിതാവിന് രണ്ടു വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.
ലൗജിഹാദ് രാജ്യത്തെ ദുർബലപ്പെടുത്തുമെന്നും ഇതു പാക്കിസ്ഥാനിലും ബംഗ്ലാദേശിലും കണ്ടുവരുന്ന പ്രവണതയാണെന്നും ശിക്ഷ വിധിച്ച അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി രവി കുമാർ ദിവാകർ ചൂണ്ടിക്കാട്ടി. ലൗ ജിഹാദിനെ രൂക്ഷമായി വിമർശിച്ച് 42 പേജുള്ള വിധിയാണ് ജഡ്ജി പുറപ്പെടുവിച്ചത്. ബറെയ്ലിയിലെ ക്ഷേത്രത്തിൽ നടന്ന ഇരുവരുടെയും വിവാഹം കോടതി അസാധുവാക്കുകയും ചെയ്തു. ഈ വർഷം യോഗി സർക്കാർ പാസാക്കിയ ഏറെ കർക്കശമായ മതപരിവർത്തന നിരോധന നിയമപ്രകാരമുള്ള ആദ്യ ശിക്ഷാവിധിയാണിത്.
22കാരിയായ യുവതിയുടെ പരാതിപ്രകാരമായിരുന്നു പോലീസ് കേസെടുത്തത്. 2022ൽ ബറെയ്ലിയിലെ ഒരു കോച്ചിംഗ് സെന്ററിൽ വച്ച് മുഹമ്മദ് ആലിം അഹമ്മദ് എന്നയാൾ ആനന്ദ് കുമാർ എന്ന വ്യാജേന തന്നെ സമീപിക്കുകയും തുടർന്ന് തങ്ങൾ പ്രണയത്തിലാകുകയുമായിരുന്നുവെന്നാണ് യുവതി പറയുന്നത്. 2022 മാർച്ച് 13ന് ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹിതരാകുകയും ചെയ്തു. എന്നാൽ, ഇതര മതത്തിൽപ്പെട്ടയാളാണെന്ന് ഇയാൾ തന്നിൽനിന്നു മറച്ചുവച്ചെന്നും വിവാഹശേഷമാണ് ഇതു ബോധ്യമായതെന്നും ബലാത്സംഗം ചെയ്തെന്നും ഗർഭഛിദ്രത്തിനു നിർബന്ധിച്ചെന്നും ആരോപിച്ച് 2023 മേയിലാണ് യുവതി പോലീസിനെ സമീപിച്ചത്.
അതേസമയം, കഴിഞ്ഞ 19ന് കോടതിയിൽ ഹാജരായ യുവതി തന്റെ മുന്പത്തെ മൊഴി തെറ്റായിരുന്നുവെന്നും തീവ്ര വലതുപക്ഷ സംഘടനകളുടെയും തന്റെ മാതാപിതാക്കളുടെയും സമ്മർദത്തെത്തുടർന്നായിരുന്നു അപ്രകാരം മൊഴി നൽകിയതെന്നുമായിരുന്നു യുവതി പറഞ്ഞത്. എന്നാൽ, പ്രതിയുടെ സമ്മർദത്തെത്തുടർന്നാണു യുവതിയുടെ മനംമാറ്റമെന്നു ചൂണ്ടിക്കാട്ടി കോടതി യുവതിയുടെ മൊഴി തള്ളുകയായിരുന്നു.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പുകഴ്ത്തുകയും വാരാണസിയിലെ ജ്ഞാൻ വ്യാപി മോസ്ക് പരിസരത്തു സർവെ നടത്താൻ നിർദേശിക്കുകയും ചെയ്തതിലൂടെ വിവാദത്തിലായ ജഡ്ജിയാണു രവികുമാർ.