‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ പ്രായോഗികമല്ല, എതിർക്കും: ഖാർഗെ
Thursday, September 19, 2024 2:19 AM IST
ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയ ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ പ്രായോഗികമല്ലെന്നും വിലക്കയറ്റവും തൊഴിലില്ലായ്മയും അടക്കമുള്ള നീറുന്ന പ്രശ്നങ്ങളിൽനിന്നു ജനശ്രദ്ധ തിരിക്കാനുള്ള തട്ടിപ്പുമാണെന്നും കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
മഹാരാഷ്ട്ര, ഹരിയാന, ജമ്മു കാഷ്മീർ, ഡൽഹി, ബിഹാർ അടക്കമുള്ള തെരഞ്ഞെടുപ്പുകളിൽ പരാജയഭീതി ഉള്ളതിനാലാണു തെരഞ്ഞെടുപ്പുകൾക്കു മുന്പായി ഇത്തരം പാഴ്ശ്രമങ്ങൾ ബിജെപി നടത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
സിപിഎം, എസ്പി, എഎപി, ഡിഎംകെ, എൻസിപി, ആർജെഡി, സിപിഐ, മുസ്ലിം ലീഗ്, കേരള കോണ്ഗ്രസുകൾ, ആർഎസ്പി അടക്കമുള്ള പാർട്ടികളും ഒരുമിച്ചുള്ള തെരഞ്ഞെടുപ്പു നീക്കത്തിനെതിരേ പ്രതിഷേധിച്ചു.
പ്രായോഗികമായ നടക്കാത്തതും ജനാധിപത്യ വിരുദ്ധവുമാണ് കേന്ദ്രമന്ത്രിസഭാ തീരുമാനമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. ജനാധിപത്യ വിരുദ്ധ നീക്കത്തെ ഇന്ത്യ സഖ്യം എതിർക്കും.
ഹരിയാനയിലും ജമ്മു കാഷ്മീരിലുംപോലും ഒരുമിച്ചു തെരഞ്ഞെടുപ്പു നടത്താൻ കഴിയാത്തവരാണു രാജ്യത്താകെ ഒരുമിച്ചു തെരഞ്ഞെടുപ്പു നടത്തുമെന്നു പ്രഖ്യാപിക്കുന്നതെന്നും ബിജെപിയുടെ ശുദ്ധ നുണയാണെന്നും എഎപി നേതാവ് സന്ദീപ് പഥക് പറഞ്ഞു.
നടക്കാത്ത കാര്യമാണിത്. മഹാരാഷ്ട്ര, ജാർഖണ്ഡ്, ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പുകൾ ആദ്യം ഒരുമിച്ചു നടത്തട്ടെ. പിൻവലിച്ച വിവാദമായ മൂന്നു കാർഷിക നിയമങ്ങൾ പോലെ ആലോചന കൂടാതെ കൊണ്ടുവന്നതാണു ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പെന്ന് എഎപി കുറ്റപ്പെടുത്തി.
ബിജെപിയുടെ നടക്കാത്ത് രാഷ്ട്രീയ സ്റ്റണ്ട് ആണ് രാജ്യത്താകെ ഒരു തെരഞ്ഞെടുപ്പെന്ന പ്രഖ്യാപനമെന്ന് ആർജെഡി നേതാവ് മൃത്യുഞ്ജയ് തിവാരി അഭിപ്രായപ്പെട്ടു. പ്രാദേശിക പാർട്ടികളെ ഇല്ലാതാക്കാനുള്ള ബിജെപിയുടെ ഗൂഢാലോചനയാണ് നീക്കത്തിനു പിന്നിലെന്ന് ആർജെഡി ആരോപിച്ചു.