രാഹുലിനെ അവഹേളിച്ചുള്ള ജില്ലാ കളക്ടറുടെ പോസ്റ്റ് വിവാദമായി
Sunday, September 15, 2024 2:27 AM IST
ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ലക്ഷ്യമിട്ട് “പപ്പു’’ എന്നാക്ഷേപിച്ച് ജില്ലാ കളക്ടറുടെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ പോസ്റ്റിട്ട യുപിയിലെ നോയിഡയിലുള്ള ഗൗതം ബുദ്ധ നഗർ ജില്ലാ കളക്ടർ മനീഷ് വർമയുടെ നടപടി വിവാദമായി.
ഭരണഘടനാസ്ഥാപനമായ പാർലമെന്റിലെ പ്രതിപക്ഷ നേതാവിനെതിരേ ജില്ലാ മജിസ്ട്രേറ്റുകൂടിയായ ഐഎഎസ് ഉദ്യോഗസ്ഥൻ അനുചിതമായ മോശം പരാമർശം നടത്തിയതിനെതിരേ കർശന നടപടി വേണമെന്നു കോണ്ഗ്രസ് ആവശ്യപ്പെട്ടു.
രാജ്യത്തെ ബ്യൂറോക്രാറ്റുകൾക്കിടയിൽ വളരുന്ന രാഷ്ട്രീയവത്കരണത്തിന്റെ ഉദാഹരണമാണു ജില്ലാ കളക്ടറുടെ ഔദ്യോഗിക സമൂഹമാധ്യമത്തിലൂടെ പ്രതിപക്ഷ നേതാവിനെതിരേയുള്ള ആക്ഷേപമെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു.
ഇതൊരു പുതിയ സംഭവമല്ല. ഇന്ത്യയുടെ സ്റ്റീൽ ചട്ടമെന്ന് സർദാർ പട്ടേൽ വിശേഷിപ്പിച്ച സിവിൽ സർവീസിന്റെ അന്തസ് കെടുത്തുന്ന നടപടികളാണു കഴിഞ്ഞ പത്തു വർഷമായി കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത്. കളക്ടർക്കെതിരേ കോണ്ഗ്രസ് നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ജില്ലാ മജിസ്ട്രേറ്റിന്റെ ഔദ്യോഗിക എക്സ് ഹാൻഡിൽ സാമൂഹ്യവിരുദ്ധർ ദുരുപയോഗം ചെയ്തതാണെന്ന് കളക്ടർ മനീഷ് ന്യായീകരിച്ചു.
തന്റെ ഐഡി ദുരുപയോഗം ചെയ്യുകയും തെറ്റായ അഭിപ്രായം പോസ്റ്റ് ചെയ്യുകയും ചെയ്തതിനെ ഗൗരവമായി എടുത്തിട്ടുണ്ട്. ഉടൻതന്നെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും തെറ്റായ ട്വീറ്റിനെക്കുറിച്ച് സൈബർ സെൽ അന്വേഷിക്കുന്നുണ്ടെന്നും കളക്ടർ അറിയിച്ചു. എഫ്ഐആറിന്റെ പകർപ്പും കളക്ടർ എക്സിൽ പോസ്റ്റ് ചെയ്തു.