നിർണായക വിധിയുമായി സുപ്രീംകോടതി: തടവിലായ പ്രതിക്ക് മറ്റൊരു കേസിൽ മുൻകൂർ ജാമ്യത്തിന് അവകാശമുണ്ട്
Tuesday, September 10, 2024 1:49 AM IST
ന്യൂഡൽഹി: ഒരു കേസിൽ കസ്റ്റഡിയിലിരിക്കുന്ന പ്രതിക്ക് മറ്റൊരു കേസിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷിക്കാൻ അവകാശമുണ്ടെന്ന് സുപ്രീംകോടതി.
ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണു നിർണായക വിധി. ഒരു കേസിൽ തടവിലായ പ്രതിക്ക് മറ്റൊരു കേസിൽ മുൻകൂർ ജാമ്യം നേടാനുള്ള നിയമപരമായ അവകാശം നിലനിൽക്കുന്നുണ്ടോയെന്ന ചോദ്യം പരിഗണിക്കുകയായിരുന്നു മൂന്നംഗ ബെഞ്ച്.
ഒരു കുറ്റവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെടുന്നതിനുമുന്പ് പ്രതിക്ക് മുൻകൂർ ജാമ്യം തേടാൻ അവകാശമുണ്ടെന്നും അയാൾ മറ്റൊരു കേസിൽ കസ്റ്റഡിയിലാണെങ്കിലും മുൻകൂർ ജാമ്യാപേക്ഷയിൽനിന്ന് അയാളെ തടയുന്ന നിയമങ്ങളൊന്നുമില്ലെന്നും കോടതി വ്യക്തമാക്കി.
എന്നാൽ അറസ്റ്റ് ചെയ്യപ്പെട്ടതിനുശേഷം പതിവ് ജാമ്യഹർജി മാത്രമാണു പ്രതിവിധിയെന്നും കോടതി വ്യക്തമാക്കി. ധനരാജ് അസ്വാനി എന്ന വ്യക്തി 2023ൽ സമർപ്പിച്ച ഹർജിയിലാണ് വിധി.