രേണുകസ്വാമി ജീവനുവേണ്ടി യാചിക്കുന്ന ചിത്രങ്ങൾ പുറത്ത്
Friday, September 6, 2024 1:50 AM IST
ബംഗളൂരു: രേണുകസ്വാമിയെ കൊലപ്പെടുത്തിയ കേസിൽ കന്നഡ സിനിമാതാരം ദർശൻ തൂഗുദീപയ്ക്കെതിരേ പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതിനു പിന്നാലെ രേണുകസ്വാമിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. അവസാനചിത്രം എന്ന രീതിയിലാണ് ഇതു പ്രചരിക്കുന്നത്. റോഡിൽ പാർക്ക് ചെയ്ത ട്രക്കിനു സമീപം കിടക്കുന്ന നിലയിലുള്ളതാണു രണ്ടാമത്തെ ചിത്രം.
ഷർട്ടിടാതെ കാമറയിലേക്കു നോക്കുന്ന രേണുകസ്വാമിയുടെ മുഖത്ത് എല്ലാ വിഹ്വലതകളുമുണ്ട്. ശരീരത്ത് നിരവധി മുറിവുകളും കാണാം. ഈ ചിത്രം അവസാനനിമിഷത്തെ ആത്മസംഘർഷം പ്രതിഫലിപ്പിക്കുന്നതാണെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. രേണുകസ്വാമിയുടെ സ്വകാര്യഭാഗങ്ങളിൽ ഷോക്കടിപ്പിച്ചിട്ടുണ്ട്. ഗോൾഫ് ബാറ്റുകൊണ്ട് മർദിച്ചിട്ടുണ്ട്. ഭിത്തിയിലേക്ക് എറിഞ്ഞ് ഇടിപ്പിച്ചിട്ടുണ്ട്.
ഫോറൻസിക് റിപ്പോർട്ടിൽ ദർശന്റെ വസ്ത്രത്തിൽനിന്നു രേണുകസ്വാമിയുടെ രക്തക്കറ കണ്ടെടുത്തിരുന്നു. ദർശനെയും കൂട്ടാളി പവിത്ര ഗൗഡയെയും കൂടാതെ 15 പേർകൂടി കേസിൽ പ്രതികളായുണ്ട്. ഇവരെല്ലാം വിവിധ ജയിലുകളിൽ ജുഡീഷൽ കസ്റ്റഡിയിലാണ്.
ദർശന്റെ ആരാധകനായ 33 കാരനായ രേണുകസ്വാമി പവിത്രയ്ക്ക് അശ്ലീല ചിത്രങ്ങൾ അയച്ചതിലുള്ള പ്രതികാരമാണ് കൊലപാതകമെന്നാണു കുറ്റപത്രത്തിലുള്ളത്. ജൂൺ ഒന്പതിന് സുമനഹള്ളിയിലെ അപാർട്ട്മെന്റിനു സമീപത്തെ അഴുക്കുചാലിൽനിന്നാണു രേണുകസ്വാമിയുടെ മൃതദേഹം കണ്ടെത്തുന്നത്.