ജനവാസ മേഖലയിലേക്കും സുരക്ഷാസേനാംഗങ്ങളുടെ കേന്ദ്രങ്ങളിലേക്കും ബോംബുകൾ വർഷിക്കുന്നത് കടുത്ത ഭീകരതയാണെന്നു മുഖ്യമന്ത്രി എൻ. ബിരേൻ സിംഗ് പറഞ്ഞു. ഡ്രോണുകളുടെയും അനുബന്ധഭാഗങ്ങളുടെയും ഇറക്കുമതി സംസ്ഥാനസർക്കാർ നിരോധിച്ചതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അതേസമയം, പുതിയ തരം ആക്രമണത്തെക്കുറിച്ച് പഠിക്കാൻ കേന്ദ്രസർക്കാർ സൈനിക ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ട്. മണിപ്പുർ പോലീസ്, അർധസൈനിക വിഭാഗങ്ങൾ എന്നിവയുടെ പ്രതിനിധികളും സമിതിയിലുണ്ട്.
എൻഎസ്ജി സംഘം മണിപ്പുരിൽ ന്യൂഡൽഹി: മണിപ്പുരിലെ ഡ്രോണ്‍ ബോംബാക്രമണ ഭീഷണി നേരിടാൻ ദേശീയ സുരക്ഷാ ഗാർഡിന്റെ (എൻഎസ്ജി) പ്രത്യേക പരിശീലനം നേടിയ സംഘം മണിപ്പുരിൽ. എൻഎസ്ജി ഡയറക്ടർ ജനറലുമായി നടത്തിയ ചർച്ചയെത്തുടർന്നാണു സംഘത്തെ അയച്ചതെന്ന് മണിപ്പുർ ഡിജിപി രാജീവ് സിംഗ് അറിയിച്ചു.
ആകാശത്തുനിന്ന് ഡ്രോണുകൾ ഉപയോഗിച്ചുള്ള ആക്രമണങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനും നേരിടുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള മാർഗങ്ങൾ നിർദേശിക്കാനും നിയമിച്ച ഉന്നതസമിതിയുമായി ഏകോപിപ്പിച്ചാകും എൻഎസ്ജിയുടെ പ്രവർത്തനം.
മണിപ്പുരിലെ ഇന്റലിജൻസ് അഡീഷണൽ ഡിജിപി അശുതോഷ് കുമാർ സിൻഹയുടെ നേതൃത്വത്തിലുള്ള സമിതിയിൽ കരസേനയുടെ 57-ാം മൗണ്ടൻ ഡിവിഷൻ മേജർ ജനറൽ എസ്.എസ്. കാർത്തികേയ, ആസാം റൈഫിൾസ് (സൗത്ത്) ഐജി മേജർ ജനറൽ രാബ്രൂപ് സിംഗ്, മണിപ്പുരിന്റെയും നാഗാലാൻഡിന്റെയും ചുമതലയുള്ള സിആർപിഎഫ് ഐജി വിപുൽ കുമാർ, മണിപ്പുരിലെ ബിഎസ്എഫിന്റെ കൗണ്ടർ ഇൻസർജൻസി ഓപ്പറേഷൻസ് ഡിഐജി ജെ.കെ. ബിർദി എന്നിവരാണ് അംഗങ്ങൾ.