ബലാത്സംഗക്കേസ് പ്രതി ബിട്ടി മൊഹന്തി മരിച്ചു
Tuesday, August 13, 2024 2:23 AM IST
ഭൂവനേശ്വർ: ജർമൻ വിനോദസഞ്ചാരിയെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായി വർഷങ്ങളോളം കണ്ണൂരിൽ ഒളിവിൽ കഴിഞ്ഞ ഒഡീഷ സ്വദേശി ബിട്ടി ഹോത്ര മൊഹന്തി അർബുദം ബാധിച്ചു മരിച്ചു.
ഒഡിഷ മുൻ ഡിജിപി ബി.ബി. മൊഹന്തിയുടെ മകനുംനാൽപതുകാരനുമായ ബിട്ടി ഏറെ നാളായി ഭൂവനേശ്വർ എയിംസിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ചയായിരുന്നു അന്ത്യം.ബലാത്സംഗക്കേസിൽ 2006ലാണു രാജസ്ഥാൻ കോടതി പ്രതിയെ ഏഴുവർഷം തടവിനു ശിക്ഷിച്ചത്.
അസുഖബാധിതയായ അമ്മയെ സന്ദർശിക്കുന്നതിന് ഏതാനും മാസങ്ങൾക്കകം പരോൾ ലഭിച്ചതോടെ കേരളത്തിലേക്കു കടക്കുകയായിരുന്നു. തുടർന്ന് കണ്ണൂരിൽ രാഘവ് രാജൻ എന്ന വ്യാജപേരിൽ താമസിച്ചിരുന്ന ഇയാൾ പത്താംക്ലാസ് മുതൽ എൻജിനിയറിംഗ് വരെയുള്ള സർട്ടിഫിക്കറ്റുകൾ വ്യാജമായി നിർമിച്ച് കണ്ണൂർ സർവകലാശാലയിൽനിന്ന് എംബിഎ ബിരുദവും നേടി എസ്ബിഐയിൽ പ്രൊബേഷണറി ഓഫീസറായി ജോലിനേടി. അതിനിടെയാണ് ഇയാളുടെ തട്ടിപ്പ് പുറത്താകുന്നതും രാജസ്ഥാൻ പോലീസ് വീണ്ടും അറസ്റ്റ് ചെയ്യുന്നതും.
ഇതിനുശേഷമാണ് അ ർബുദരോഗം സ്ഥിരീകരിച്ചത്. 2023ൽ സുപ്രീംകോടതി ഉപാധികളോടെ ബിട്ടി മൊഹന്തിക്കു ജാമ്യം അനുവദിച്ചിരുന്നു.