സിസോദിയയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
Monday, August 5, 2024 1:30 AM IST
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ മുൻ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ഇന്ന് സുപ്രീംകോടതി പരിഗണിക്കും.
സിബിഐയും ഇഡിയും രജിസ്റ്റർ ചെയ്ത കേസുകളിൽ ജാമ്യം തേടിയാണ് സിസോദിയ സുപ്രീംകോടതിയെ സമീപിച്ചത്. 16 മാസമായി കസ്റ്റഡിയിലാണെന്നും വിചാരണയിൽ പുരോഗതിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സിസോദിയ ജാമ്യാപേക്ഷ നൽകിയത്. ജസ്റ്റീസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
2023 ഫെബ്രുവരി 26നാണ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്യുന്നത്. സിബിഐയുടെ എഫ്ഐആറിന്റെ അടിസ്ഥാനത്തിൽ മേയ് 21 നാണ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി അറസ്റ്റ് ചെയ്തത്. രണ്ടാംതവണയും ജാമ്യാപേക്ഷ തള്ളിയ ഡൽഹി ഹൈക്കോടതിയുടെ മേയ് 21ലെ ഉത്തരവ് ചോദ്യംചെയ്താണു ഇപ്പോഴത്തെ ഹർജി.