ഉത്തരേന്ത്യയിൽ പ്രളയക്കെടുതി: 32 മരണം
Friday, August 2, 2024 2:43 AM IST
ന്യൂഡൽഹി: ഉത്തരേന്ത്യയിലും വ്യാപക പ്രളയക്കെടുതി. ഡൽഹി ഉൾപ്പെടെ ഏഴു സംസ്ഥാനങ്ങളിൽ തുടരുന്ന കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയക്കെടുതിയിൽ 32ഓളം പേർ മരിച്ചു. നിരവധി പേരെ കാണാതായി. ഹിമാചൽപ്രദേശിലും ഉത്തരാഖണ്ഡിലുമാണ് ഏറെ നാശമുണ്ടായത്.
ഹിമാചൽപ്രദേശിൽ രണ്ടു വ്യത്യസ്ത സംഭവങ്ങളിലായി മേഘവിസ്ഫോടനത്തെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ മൂന്നു പേർ മരിക്കുകയും 50 പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്.
സിംല ജില്ലയിലെ രാംപുർ സബ് ഡിവിഷനിൽപ്പെട്ട സാമാഗ് കുഡി(നള്ള)ൽ ഇന്നലെ പുലർച്ചെ ഒന്നിന് മേഘവിസ്ഫോടനത്തെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ രണ്ടുപേർ മരിക്കുകയും 28 പേരെ കാണാതാകുകയും ചെയ്തു. രണ്ടുപേരെ മാത്രമെ രക്ഷപ്പെടുത്താനായുള്ളൂവെന്ന് പോലീസ് പറഞ്ഞു.
റോഡുകളെല്ലാം ഒലിച്ചുപോയതിനാൽ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമായിരിക്കുകയാണ്. സ്ഥലത്തെ നാല് പാലങ്ങളും ഏതാനും നടപ്പാലങ്ങളും തകർന്നു. ദേശീയ ദുരന്ത നിവാരണ സേനയുടെയും ഇന്തോ-ടിബറ്റൻ അതിർത്തി പോലീസിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
മാണ്ഡി ജില്ലയിലെ പാഥാറിനടുത്ത തലാതുഖൊഡിലാണ് മേഘവിസ്ഫോടനത്തെത്തുടർന്ന് ഉരുൾപൊട്ടലുണ്ടായ മറ്റൊരു പ്രദേശം. ബുധനാഴ്ച രാത്രിയിലുണ്ടായ ഉരുൾപൊട്ടലിൽ ഒരാൾ മരിക്കുകയും ഒന്പത് പേരെ കാണാതാകുകയും ചെയ്തു. നിരവധി വീടുകൾ അപ്രത്യക്ഷമായി. ഇവിടെയും റോഡുകളും പാലങ്ങളും തകർന്നതിനാൽ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമാണ്.
ജില്ലാ ഭരണകൂടം വ്യോമസേനയുടെയും ദേശീയ ദുരന്തനിവാരണ സേനയുടെയും സഹായം തേടിയിട്ടുണ്ട്. ബിയാസ് നദി കരകവിഞ്ഞതിനെത്തുടർന്നും വ്യാപക ഉരുൾപൊട്ടലിനെത്തുടർന്നും ചണ്ഡീഗഡ്-മണാലി ദേശീയപാതയുടെ നിരവധി ഭാഗങ്ങൾ തകർന്നു. കുളുവിലെ ബാഗിപുലിലും വൻ കെടുതികൾ സംഭവിച്ചു.
കനത്ത മഴയെത്തുടർന്നുണ്ടായ കെടുതികളിൽ ഉത്തരാഖണ്ഡിൽ ഒരു കുടുംബത്തിലെ മൂന്നുപേരുൾപ്പെടെ ആറുപേർ മരിച്ചു.
നിരവധി വീടുകൾ തകർന്നു. നിരവധി നദികൾ കരകവിഞ്ഞു. ക്ഷേത്രനഗരിയായ ഹരിദ്വാറിലെ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. ബിംബാലിചൗകിയിൽ പാലം തകർന്നതിനെത്തുടർന്ന് 200ഓളം പേർ കേദാർനാഥിൽ കുടുങ്ങിക്കിടക്കുകയാണ്.
ഹരിദ്വാർ ജില്ലയിലെ ബഹദരാബാദിൽ വീടു തകർന്ന് കുടുംബത്തിലെ മൂന്നുപേർ മരിച്ചു. തെഹ്രി ജില്ലയിലെ ജാഖാൻയാലിയിൽ മേഘവിസ്ഫോടനത്തെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ മൂന്നുപേർ മരിച്ചു.
ബുധനാഴ്ച രാത്രിയിൽ ഡൽഹിയിൽ പെയ്ത കനത്ത മഴയിൽ പത്തു പേർ മരിച്ചു. നഗരത്തിലെ വിവിധ റോഡുകളിൽ വെള്ളക്കെട്ട് ഉണ്ടായതുമൂലം നഗരത്തിൽ മിക്കയിടങ്ങളിലും മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.
കനത്ത മഴയെത്തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങേണ്ടിയിരുന്ന പത്തു വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ഇതിൽ എട്ടു വിമാനങ്ങൾ ജയ്പുരിലേക്കും രണ്ടെണ്ണം ലക്നോയിലേക്കും തിരിച്ചുവിട്ടു. ഈ മാസം അഞ്ചു വരെ ഡൽഹിയിൽ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലുണ്ടായ പ്രളയക്കെടുതിയിൽ രണ്ടുപേരും ഹരിയാനയിലെ ഗുരുഗ്രാമിലുണ്ടായ കെടുതികളിൽ മൂന്നുപേരും രാജസ്ഥാനിലെ ജയ്പുരിലുണ്ടായ കെടുതികളിൽ മൂന്നുപേരും ബിഹാറിലെ പ്രളയക്കെടുതിയിൽ അഞ്ചുപേരും മരിച്ചു.