മുംബൈയിൽ പെരുമഴ; 36 വിമാന സർവീസുകൾ റദ്ദാക്കി
Tuesday, July 23, 2024 1:36 AM IST
മുംബൈ: അഞ്ചു ദിവസമായി പെയ്യുന്ന പെരുമഴയിൽ മുംബൈ നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. പ്രധാന റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ നഗരത്തിൽ പലയിടങ്ങളിലും ഗതാഗതം തടസപ്പെട്ടു.
മഹാരാഷ്ട്രയിലെ വിദർഭ മേഖലയിൽ മഴയെത്തുടർന്ന് ഏഴുന്നൂറിലധികം വീടുകൾ തകർന്നതായാണു വിവരം. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേയിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഇൻഡിഗോ, എയർ ഇന്ത്യ, വിസ്താര കന്പനികളുടെ 36 വിമാന സർവീസുകൾ ഇന്നലെ റദ്ദാക്കി.
ചന്ദ്രപുരിൽ ഇരൈ ജലസംഭരണിയിൽ ജലനിരപ്പുയർന്നതോടെ ഏഴു ഷട്ടറുകൾ ഒരു മീറ്റർ വീതം ഉയർത്തി. ഗുജറാത്തിലും കൊങ്കൺ-ഗോവ മേഖലയിലും മധ്യ മഹാരാഷ്ട്രയിലും മൂന്നുദിവസം തുടർച്ചയായ കനത്തമഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം എക്സിൽ കുറിച്ചു.