"ബിജെപിക്കെതിരായ ജനവിധിയുണ്ടാകും'; മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ കെ.സി.
Saturday, July 20, 2024 2:12 AM IST
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരായ ജനവിധിയുണ്ടാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദേഹം. രാജ്യത്തെ രാഷ്ട്രീയ അന്തരീക്ഷം മാറി.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ ജനങ്ങൾ ബിജെപിയെ പാഠം പഠിപ്പിക്കും. അഴിമതി നിറഞ്ഞ സംസ്ഥാന സർക്കാരിനെ പരാജയപ്പെടുത്താൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്.
സംസ്ഥാനത്തെ കോണ്ഗ്രസ് നേതാക്കളോട് ഒറ്റക്കെട്ടായി നിൽക്കാനും ഒരേ സ്വരത്തിൽ സംസാരിക്കാനും പറഞ്ഞിട്ടുണ്ടെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. മഹാരാഷ്ട്രയുടെ ചുമതലയുള്ള രമേശ് ചെന്നിത്തലയും അവലോകനയോഗത്തിൽ പങ്കെടുത്തു.
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനമായ ഓഗസ്റ്റ് 20ന് കോണ്ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കംകുറിക്കും. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും നേതാവ് രാഹുൽ ഗാന്ധിയെയും ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കോണ്ഗ്രസ് ഉൾപ്പെടുന്ന മഹാ വികാസ് അഗാഡി (എംവിഎ) സഖ്യമാണു ബിജെപിമുന്നണി(മഹായുതി)ക്കെതിരേ മത്സരിക്കുന്നത്.