രാഹുൽ മൈൻഡാക്കിയില്ല; പാസ്വാൻ യുപിഎ വിട്ടെന്ന് ചിരാഗ്
Saturday, July 20, 2024 2:12 AM IST
ന്യൂഡൽഹി: രാഹുൽ ഗാന്ധി കൂടിക്കാഴ്ചയ്ക്കു വിസമ്മതിച്ചതാണ് രാം വിലാസ് പാസ്വാൻ 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സഖ്യത്തിൽചേരാതെ ബിജെപിക്കൊപ്പം ചേർന്നതെന്ന് കേന്ദ്രമന്ത്രിയും ലോക്ജനശക്തി പാർട്ടി (രാം വിലാസ്) അധ്യക്ഷനുമായ ചിരാഗ് പാസ്വാൻ. മാസങ്ങളോളം കാണാൻ ശ്രമിച്ചിട്ടും രാഹുൽ ഗാന്ധി തന്റെ പിതാവുമായി കൂടിക്കാഴ്ചയ്ക്കു തയാറായില്ല.
ബിജെപി സഖ്യത്തിൽ ചേരാൻ പ്രധാന കാരണം ഇതാണെന്ന് ചിരാഗ് പറഞ്ഞു. രാഹുൽ ഗാന്ധി തന്റെ ഉത്തരവാദിത്വം കുറച്ചുകൂടി ഗൗരവമായി എടുക്കാൻ തുടങ്ങിയിട്ടുണ്ട്. എന്നാൽ പാർലമെന്റിൽ അടുത്തിടെ നടത്തിയ പ്രസംഗം പ്രതിപക്ഷ നേതാവിനു ചേരാത്തതാണെന്നും ചിരാഗ് പറഞ്ഞു.
ഞാനും എന്റെ പിതാവും യുപിഎ സഖ്യം സംബന്ധിച്ച് ചർച്ചചെയ്യാൻ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ, രാഹുലിനെ കാണാനാണു സോണിയ നിർദേശിച്ചത്. രാം വിലാസ് പാസ്വാൻ കൂടിക്കാഴ്ചയ്ക്കു അനുമതിക്കായി മൂന്നു മാസം കാത്തിരുന്നെങ്കിലും രാഹുൽ വഴങ്ങിയില്ല.
രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടക്കാതിരുന്നത് എന്നെ സംബന്ധിച്ച് നന്നായി. അതല്ലായിരുന്നെങ്കിൽ എൻഡിഎ സഖ്യത്തിൽ ചേരുന്നകാര്യം പിതാവിനെ ബോധ്യപ്പെടുത്താൻ ബുദ്ധിമുട്ടാകുമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ആദരവും ബഹുമാനവുമാണ് എന്നെ ബിജെപി സഖ്യത്തിൽ ചേരാൻ പ്രേരിപ്പിച്ചത്.
2013 വരെ ഞങ്ങൾ യുപിഎ സഖ്യത്തിലായിരുന്നു. ഈ സഖ്യംവിടാൻ എന്റെ പിതാവ് തയാറല്ലായിരുന്നു. യുപിഎയിൽ തുടരാൻ അദ്ദേഹം ആഗ്രഹിച്ചു. സഖ്യം മാറുന്നതു സംബന്ധിച്ച് എന്റെ പിതാവിനെ ബോധ്യപ്പെടുത്താൻ വളരെ പണിപ്പെട്ടു- ചിരാഗ് പിടിഐക്ക് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.