സുനിത കേജരിവാൾ കോടതി നടപടികൾ റിക്കാർഡ് ചെയ്തു പ്രചരിപ്പിച്ചെന്ന്
Thursday, May 30, 2024 2:06 AM IST
ന്യൂഡൽഹി: കോടതി നടപടികൾ റിക്കാർഡ് ചെയ്തു പ്രചരിപ്പിച്ച സംഭവത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ ഭാര്യ സുനിത കേജരിവാളിനെതിരേ ഡൽഹി ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി.
മാർച്ച് 28ന് ഡൽഹി റോസ് അവന്യു കോടതിയിൽ കേജരിവാളിനെ ഹാജരാക്കിയപ്പോഴാണ് കോടതിനടപടിയുടെ ദൃശ്യങ്ങൾ റിക്കാർഡ് ചെയ്തു സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതെന്ന് അഭിഭാഷകൻ വൈഭവ് സിംഗ് സമർപ്പിച്ച പൊതുതാത്പര്യഹർജിയിൽ പറയുന്നു.
മാർച്ച് 28ന് നടന്ന വാദത്തിൽ കേജരിവാൾ കേസുമായി ബന്ധപ്പെട്ട തന്റെ ഭാഗം വിശദീകരിച്ചിരുന്നു. സമൂഹമാധ്യമമായ എക്സിൽ അക്ഷയ് എന്ന അക്കൗണ്ടിൽനിന്നു പോസ്റ്റ് ചെയ്ത കോടതിനടപടികൾ അടങ്ങിയ ശബ്ദരേഖയാണ് സുനിത കേജരിവാൾ സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചത്.
ആം ആദ്മി പാർട്ടി നേതാക്കളടക്കം ഇത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. ബിജെപിയുടെ കൊള്ളക്കാരായി ഇഡി പ്രവർത്തിക്കുന്നുവെന്ന് കേജരിവാൾ വാദത്തിനിടയിൽ കോടതിയിൽ പറഞ്ഞിരുന്നു. ഈ ശബ്ദരേഖ ഹാഷ് ടാഗുകളോടെ സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ചു. എന്നാൽ വീഡിയോ കോണ്‍ഫറൻസിലൂടെ കോടതി നടപടിയിൽ പങ്കെടുക്കുന്നവർക്ക് അത് റിക്കാർഡ് ചെയ്യാനോ പ്രചരിപ്പിക്കാനോ അനുവാദമില്ല.
ഡൽഹി ഹൈക്കോടതി ഇതുമായി ബന്ധപ്പെട്ട മാർഗരേഖകൾ നേരത്തേ പുറത്തിറക്കിയിരുന്നു. ഇതിന്റെ പരസ്യമായ ലംഘനമാണ് നടന്നിരിക്കുന്നതെന്ന് ഹർജിയിൽ ആരോപിക്കുന്നു. വിഷയവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം കൂടുതൽ അന്വേഷണം നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്.