മുംബൈ ടിഐഎസ്എസിലെ മലയാളി ദളിത് വിദ്യാർഥിയുടെ സസ്പെൻഷന് വിവാദത്തിൽ
Monday, April 22, 2024 1:24 AM IST
മുംബൈ ടിഐഎസ്എസിലെ മലയാളി ദളിത് വിദ്യാർഥിയുടെ സസ്പെൻഷന് വിവാദത്തിൽ
മുംബൈ: രാജ്യവിരുദ്ധ പ്രവർത്തനം ആരോപിച്ച് മലയാളി ദളിത് വിദ്യാർഥിയെ സസ്പെൻഡ് ചെയ്തത് വിവാദമാകുന്നു. മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിലെ സ്കൂൾ ഓഫ് ഡെവലപ്മെന്റൽ സ്റ്റഡീസിൽ ഗവേഷക വിദ്യാർഥിയായ തൃശൂർ സ്വദേശി രാമദാസ് ശിവാനന്ദനെയാണ് കഴിഞ്ഞ 18ന് രണ്ടു വർഷത്തേക്ക് സസ്പെൻഡ് ചെയ്തത്.
മുംബൈ, തുൽജാപുർ, ഹൈദരാബാദ്, ഗോഹട്ടി കാന്പസുകളിൽ പ്രവേശിക്കുന്നതിന് രാമദാസിന് വിലക്കുമേർപ്പെടുത്തിയിട്ടുണ്ട്. പ്രോഗസീവ് സ്റ്റുഡന്റ് ഫോറത്തിന്റെ ഭാരവാഹിയായിരുന്നു രാമദാസ്. ന്യൂഡൽഹിയിൽ നടന്ന സംയുക്ത വിദ്യാർഥി സമരത്തിൽ പങ്കെടുത്തതടക്കം ചൂണ്ടിക്കാട്ടിയാണു നടപടി. രാമദാസ് കാമ്പസിൽ അച്ചടക്ക ലംഘനം കാണിച്ചതായി ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ ആരോപിക്കുന്നു.
ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിച്ചു, പ്രതിഷേധ പ്രകടനങ്ങൾ നടത്തി എന്നിവ അച്ചടക്ക ലംഘനങ്ങളായി കാണിച്ചാണു നടപടി. അതേസമയം സസ്പെൻഷനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് രാമദാസ് വ്യക്തമാക്കി.
ഡൽഹിയിൽ നടത്തിയ പ്രതിഷേധത്തിൽ പിഎസ്എഫ്-ടിഐഎസ്എസ് എന്ന ബാനർ ഉയർത്തി പ്രതിഷേധിച്ചത് ചട്ടലംഘനമായി കാണിച്ച് നേരത്തേ രാമദാസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. സംഘടനയുമായി ഇൻസ്റ്റിറ്റ്യൂട്ടിന് യാതൊരു ബന്ധവും ഇല്ലാതിരുന്നിട്ടും പേര് ഉപയോഗിച്ചു എന്നായിരുന്നു കാരണം.
അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയോട് അനാദരവും പ്രതിഷേധവും ഉയർത്തി ‘രാം കെ നാം’ ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നുവെന്ന് സമൂഹമാധ്യമങ്ങളിൽ പോസ്റ്ററുകൾ പങ്കുവച്ചു, അത് കാന്പസിൽ പ്രദർശിപ്പിച്ചു, ഭഗത് സിംഗ് അനുസ്മരണ പരിപാടിയിൽ വിവാദ പ്രഭാഷകരെ പങ്കെടുപ്പിച്ചു, ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ ഔദ്യോഗിക വസതിക്കു മുന്നിൽ രാത്രിയിൽ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി, വിശദീകരണം തേടി നൽകിയ നോട്ടീസുകളിൽ അനാദരവോടെ പ്രതികരിച്ചു തുടങ്ങിയ ആരോപണങ്ങളും രാമദാസിനെതിരേ അധികൃതർ ഉന്നയിക്കുന്നു.
അതേസമയം, സസ്പെൻഷനു കാരണമായി മാനേജ്മെന്റ് നിരത്തിയ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് വിദ്യാർഥികൾ പറയുന്നത്. ഒരു നിയമവും അദ്ദേഹം ലംഘിച്ചിട്ടില്ലെന്നും ബിജെപിക്കും ആർഎസ്എസിനുമെതിരേ നടത്തിയ വിമർശനങ്ങളാണ് സസ്പെൻഷനു പിന്നിലെന്നും വിദ്യാർഥികൾ ആരോപിച്ചു. സസ്പെൻഷനെതിരേ ഈയാഴ്ച ഓൺലൈൻ പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കാൻ വിദ്യാർഥികൾ തീരുമാനിച്ചിട്ടുണ്ട്. സസ്പെൻഷനെതിരേ വിവിധ ദളിത് സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.