ഭിന്നലിംഗക്കാരുടെ പ്രശ്നങ്ങൾ പഠിക്കാൻ സമിതി രൂപീകരിച്ചു
Thursday, April 18, 2024 1:58 AM IST
ന്യൂഡൽഹി: ഭിന്നലിംഗക്കാരുടെ പ്രശ്നങ്ങൾ പഠിക്കാൻ സുപ്രീംകോടതി നിർദേശത്തെത്തുടർന്ന് കേന്ദ്രസർക്കാർ ആറംഗസമിതി രൂപീകരിച്ചു.
കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയിൽ ആഭ്യന്തരം, വനിതാ-ശിശുക്ഷേമം, ആരോഗ്യ-കുടുംബക്ഷേമം, നിയമം, സാമൂഹ്യനീതി-ശക്തീകരണം വകുപ്പുകളിലെ സെക്രട്ടറിമാരും സമിതിയിലെ അംഗങ്ങളാണ്.
ചരക്കു സേവനത്തിൽ ഭിന്നലിംഗക്കാർക്ക് കേന്ദ്രത്തിലും സംസ്ഥാനത്തിലും വിവേചനം ഇല്ലെന്ന് ഉറപ്പുവരുത്തുക, അക്രമം, ബലപ്രയോഗം, അധിക്ഷേപം എന്നിവ നേരിടുന്നില്ലെന്ന് ഉറപ്പുവരുത്തുക, നിയമവിധേയമല്ലാത്ത ചികിത്സകൾക്ക് വിധേയരാകുന്നില്ലെന്ന് ഉറപ്പുവരുത്തുക, സാമൂഹിക ക്ഷേമത്തിൽ വിവേചനം നേരിടാതിരിക്കുന്നതിനുള്ള മാർഗങ്ങൾ സ്വീകരിക്കുക, ആവശ്യമായ മറ്റു വിഷയങ്ങൾ പരിഗണിക്കുക എന്നിവയാണ് സമിതിയുടെ ചുമതല.
സ്വവർഗവിവാഹം നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയുമായി ബന്ധപ്പെട്ടാണ് ഭിന്നലിംഗക്കാരുടെ പ്രശ്നങ്ങൾ പഠിക്കാൻ സമിതി രൂപീകരിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചത്.