കൈവിടാതെ ഛിന്ദ്വാഡ
Thursday, April 18, 2024 1:55 AM IST
ബിജോ മാത്യു
2014ലെയും 2019ലെയും ബിജെപി തേരോട്ടത്തിലും കീഴടങ്ങാത്ത കോണ്‍ഗ്രസ് കോട്ടയാണു ഛിന്ദ് വാഡ. 1952 മുതലുള്ള 17 പൊതുതെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രിനൊപ്പം നിലകൊണ്ട മണ്ഡലമാണ് മഹാരാഷ്ട്രയോടു ചേർന്നുള്ള ഛിന്ദ്വാഡ. 1980 മുതൽ ഒന്‍പതു തവണ കമൽനാഥ് പ്രതിനിധീകരിച്ച ഛിന്ദ്വാഡയിൽ 2019ൽ മകൻ നകുൽനാഥ് വിജയിച്ചു. ഇക്കുറിയും നകുൽതന്നെ കോണ്‍ഗ്രസ് സ്ഥാനാർഥി.
മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ നേടിയ മിന്നും ജയത്തിന്റെ ബലത്തിൽ ഛിന്ദ്വാഡയെന്ന കോൺഗ്രസ് കോട്ട കീഴടക്കാമെന്ന പ്രതീക്ഷയിലാണു ബിജെപി.
പാർട്ടി ജില്ലാ അധ്യക്ഷൻ വിവേക് ബണ്ടി സാഹുവാണു ബിജെപി സ്ഥാനാർഥി. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും 2019ലും ഉപതെരഞ്ഞെടുപ്പിലും കമൽനാഥിനെതിരേ ഇവിടെ മത്സരിച്ചതും സാഹുവായിരുന്നു. വീണ്ടും സാഹുവിൽത്തന്നെ വിശ്വാസമർപ്പിച്ചിരിക്കുകയാണു ബിജെപി. വെള്ളിയാഴ്ചയാണ് ഛിന്ദ്വാഡയിൽ വിധിയെഴുത്ത്.
കമൽനാഥും മകൻ നകുൽനാഥും ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെ ഛിന്ദ് വാഡയിലെ അനവധി പ്രാദേശിക കോണ്‍ഗ്രസ് നേതാക്കൾ ബിജെപിയിലേക്കു ചേക്കേറിയിരുന്നു. 5000 കോണ്‍ഗ്രസ് നേതാക്കളെയും 50,000 പ്രവർത്തകരെയും പാർട്ടിയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ബിജെപിയുടെ പ്രവർത്തനം.
ബിജെപിയിലേക്കില്ലെന്നു കമൽനാഥും മകനും പ്രഖ്യാപിച്ചിട്ടും കാവിപ്പാർട്ടിയിലേക്കുള്ള കോണ്‍ഗ്രസുകാരുടെ ഒഴുക്ക് നിലച്ചില്ല. കമൽനാഥിന്റെ വിശ്വസ്തനായ കമലേഷ് പ്രതാപ് ഷാ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവ് ദീപക് സക്സേനയുടെ മകൻ അജയ് സക്സേനയുമാണ് ഒടുവിൽ ബിജെപിയിൽ ചേക്കേറിയവർ. ഛിന്ദ്വാഡ മേയറും ബിജെപിയിൽ ചേർന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ ബിജെപി വൻ വിജയം നേടിയെങ്കിലും ഛിന്ദ് വാഡ ലോക്സഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന ഏഴു നിയമസഭാ മണ്ഡലങ്ങളിലും വിജയം കോണ്‍ഗ്രസിനായിരുന്നു. 2018ലും കോണ്‍ഗ്രസ് മുഴുവൻ നിയമസഭാമണ്ഡലങ്ങളിലും വിജയിച്ചിരുന്നു.
അതേസമയം, 2019ൽ നകുൽനാഥിന്റെ വിജയം 37,536 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിലായിരുന്നു. മധ്യപ്രദേശിലെ 29 മണ്ഡലങ്ങളിലെയും ഏറ്റവും കുറഞ്ഞ ഭൂരിപക്ഷവും ഇതാണ്.
ജനതാ തരംഗത്തിലും കോണ്‍ഗ്രസിനൊപ്പം
1977ലെ ഉത്തരേന്ത്യയൊന്നാകെ ആഞ്ഞടിച്ച ജനതാതരംഗത്തിലും കോണ്‍ഗ്രസിനെ കൈവിടാത്ത മണ്ഡലമാണ് ഛിന്ദ്വാഡ. അന്ന് ഉത്തരേന്ത്യയിലെ ഇരുനൂറിലേറെ മണ്ഡലങ്ങളിൽ കോണ്‍ഗ്രസിനെ തുണച്ചത് ഛിന്ദ്വാഡയിലും രാജസ്ഥാനിലെ നാഗൗഡിലും മാത്രം.
1952ൽ കോണ്‍ഗ്രസിലെ റായ്ചന്ദ്ഭായ് ഷാ ആണു ഛിന്ദ്വാഡയുടെ ആദ്യ പ്രതിനിധി. 1957, 1962 തെരഞ്ഞെടുപ്പുകളിൽ ഭിക്കുലാൽ ചന്ദക് വിജയം നേടി.
1967, 1971, 1977 തെരഞ്ഞെടുപ്പുകളിൽ ഗാർഗി ശങ്കർ മിശ്രയായിരുന്നു ജേതാവ്. 1980 മുതൽ കമൽനാഥാണ് മണ്ഡലം കൈവെള്ളയിലെന്ന പോലെ കൊണ്ടുനടന്നത്. 1996ൽ കമൽനാഥ് മത്സരിച്ചില്ല. പകരം ഭാര്യ അൽക്കയാണ് ഛിന്ദ്വാഡയെ പ്രതിനിധീകരിച്ച് ലോക്സഭയിലെത്തിയത്.
എന്നാൽ, 1997ൽ അൽക്കയെ രാജിവയ്പിച്ച് കമൽനാഥ് മത്സരിക്കാനെത്തിയപ്പോൾ ഛിന്ദ്വാഡയിലെ വോട്ടർമാർ മുഖംതിരിച്ചു. ഉപതെരഞ്ഞെടുപ്പിൽ സമുന്നത ബിജെപി നേതാവ് സുന്ദർ ലാൽ പട്വ 37,680 വോട്ടിനു കമൽനാഥിനെ തോൽപ്പിച്ചു. 1998ലെ പൊതുതെരഞ്ഞെടുപ്പിൽ പട്വയെ വൻ മാർജിനിൽ തോൽപ്പിച്ച കമൽനാഥ് പകരം വീട്ടി. 2014 വരെ കമൽനാഥ് വിജയം തുടർന്നു.
2018ൽ കമൽനാഥ് മധ്യപ്രദേശ് മുഖ്യമന്ത്രിയായി. അതിനാൽ 2019ൽ മകൻ നകുൽനാഥിനെ സ്ഥാനാർഥിയാക്കി. ബിജെപി തരംഗത്തിനിടെയും നകുൽ മണ്ഡലം നിലനിർത്തി.
ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സന്പന്ന സ്ഥാനാർഥികളിലൊരാളാണ് നാൽപ്പത്തിയൊന്‍പതുകാരനായ നകുൽനാഥ്. 700 കോടി രൂപയാണ് ആസ്തി.