"ഈ ദിനം നമുക്ക് ഒരിക്കലും മറക്കാനാകില്ല'; മുംബൈ ഭീകരാക്രമണം ഓർത്ത് മോദി
Monday, November 27, 2023 1:37 AM IST
ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലികളർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ഏറ്റവും ഹീനമായ ഭീകരാക്രമണമാണു മുംബൈയിൽ നടന്നത്. ഇത് ഇന്ത്യ ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മുംബൈ ഭീകരാക്രമണത്തിന്റെ 15-ാം വാർഷികദിനത്തിൽ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.
നവംബർ 26 നമുക്ക് ഒരിക്കലും മറക്കാനാകില്ല. ഈ ദിവസമാണു രാജ്യത്ത് ഏറ്റവും ഹീനമായ ഭീകരാക്രമണം നടന്നത്. മുംബൈയെയും മുഴുവൻ രാജ്യത്തെയും ഭീകരർ വിറപ്പിച്ചു. പക്ഷേ, ആ ആക്രമണത്തിൽനിന്നു കരകയറിയ ഇന്ത്യയുടെ കരുത്താണ് ഇപ്പോൾ പൂർണ ധൈര്യത്തോടെ തീവ്രവാദത്തെ അടിച്ചമർത്തുന്നത്. മുംബൈ ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ട എല്ലാവർക്കും ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഈ ആക്രമണത്തിൽ ജീവൻ ബലിയർപ്പിച്ച നമ്മുടെ ധീരന്മാരെ രാജ്യം സ്മരിക്കുന്നു. - മോദി പറഞ്ഞു.
2008 നവംബർ 26നായിരുന്നു കടൽ മാർഗമെത്തിയ പത്തു പാക്കിസ്ഥാൻ ഭീകരർ മുംബൈ നഗരത്തിൽ വെടിയുതിർത്തത്. ആക്രമണത്തിൽ 18 സുരക്ഷാ ഉദ്യോഗസ്ഥരടക്കം 166 പേർക്കു ജീവൻ നഷ്ടമാകുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
മഹാരാഷ്ട്ര ഭീകരവിരുദ്ധസേനാമേധാവി ഹേമന്ദ് കർക്കരെ, ഏറ്റുമുട്ടൽ വിദഗ്ധൻ വിജയ് സലാസ്കർ, പോലീസ് അഡീഷണൽ കമ്മീഷണർ അശോക് കാംതെ, എൻഎസ്ജി കമാൻഡോ മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ എന്നിവരും വീരമൃത്യു വരിച്ചു.