കാവേരി: കർണാടകയിൽ പ്രതിഷേധ പരന്പര
Tuesday, September 26, 2023 4:23 AM IST
ബംഗളൂരു: കാവേരി പ്രശ്നത്തിൽ കർണാടകയിൽ പ്രതിഷേധം തുടരുന്നതിനിടെ ഇന്ന് ബംഗളൂരുവിലും വെള്ളിയാഴ്ച സംസ്ഥാനതലത്തിലും ബന്ദിന് ആഹ്വാനം. ഒരേ പ്രശ്നത്തിൽ അടുത്തടുത്ത ദിവസങ്ങളിൽ ബന്ദ് പ്രഖ്യാപിച്ചതോടെ ജനങ്ങൾ ആശയക്കുഴപ്പത്തിലാണ്. ആർക്കൊപ്പം നിലയുറപ്പിക്കണമെന്ന ആശങ്കയിലാണ് കർഷകസംഘടനകൾ. ബന്ദിന്റെ പശ്ചാത്തലത്തിൽ രണ്ടു ദിവസങ്ങളിലും ഏതെല്ലാം സേവനങ്ങൾ ലഭിക്കും എന്നതിലും വ്യക്തതയില്ല.
സാമൂഹ്യപ്രവർത്തകൻ വാതൽ നാഗരാജിന്റെ നേതൃത്വത്തിലുള്ള കന്നഡ ഒക്കുഡ എന്ന സംഘടനയാണ് വെള്ളിയാഴ്ച സംസ്ഥാനവ്യാപകമായി ബന്ദ് ആചരിക്കുമെന്നു പ്രഖ്യാപിച്ചിരിക്കുന്നത്. കുറുബുരു ശാന്തകുമാറിന്റെ നേതൃത്വത്തിലുള്ള കർഷകസംഘടനകളുടെ കൂട്ടായ്മയായ ജലസംരക്ഷണ സമിതിയാണ് ഇന്നത്തെ ബംഗളൂരു ബന്ദിനു പിന്നിൽ. പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് കുറുബുരു ശാന്തകുമാർ സ്ഥിരീകരിച്ചു. എന്നാൽ ബംഗളൂരു ബന്ദുമായി സഹകരിക്കില്ലെന്നാണ് കന്നഡ ഒക്കുഡയുടെ പ്രഖ്യാപനം.
ബംഗളൂരു ബന്ദിന് കർണാടക ആർടിസി, തൊഴിലാളി യൂണിയനുകൾ ഉൾപ്പെടെ സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറു മുതൽ വൈകുന്നേരം ആറുവരെയാണ് ബന്ദ്. വെബ് ടാക്സി, ടാക്സി, ഓട്ടോ ഡ്രൈവർമാരുടെ യൂണിയനുകൾ, ഭക്ഷണശാലകളുടെ കൂട്ടായ്മകൾ എന്നിവയും സഹകരിക്കും. ഐടി കന്പനികൾ ജീവനക്കാർക്കു വീട്ടിലിരുന്നു ജോലി ചെയ്യാനുള്ള സൗകര്യം അനുവദിച്ചിട്ടുണ്ട്. വ്യാപാര, വ്യവസായ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കരുതെന്നു പറഞ്ഞ നേതാക്കൾ, പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുമെന്നും വ്യക്തമാക്കി.
കർണാടകയിൽ വരൾച്ച വ്യാപകമാകുന്നതിനിടെ തമിഴ്നാടിനു കൂടുതൽ ജലം വിട്ടുകൊടുക്കണമെന്ന കാവേരി ജല മാനേജ്മെന്റ് അഥോറിറ്റി ഉത്തരവിൽ പ്രതിഷേധിച്ചാണ് പ്രതിഷേധം. അഥോറിറ്റിയുടെ ഉത്തരവിൽ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതിയും കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
പ്രതിഷേധം ശക്തമായതോടെ തമിഴ്നാട്ടിൽ നിന്നുള്ളവർ താമസിക്കുന്ന പ്രദേശങ്ങളിലും തമിഴ് സിനിമാ പ്രദർശനശാലകളിലും സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്.
സമരങ്ങളോട് എതിർപ്പില്ലെന്നും എന്നാൽ സമാധാനം കാത്തുസൂക്ഷിക്കണമെന്നും സ്ഥിതിഗതികളോടു മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു. കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കുന്പോൾ ശക്തമായ വാദമുഖങ്ങൾ നിരത്തും. സംസ്ഥാനത്തിന്റെ താത്പര്യസംരക്ഷണത്തിൽ സർക്കാർ പ്രതിജ്ഞാ ബന്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.