ജനതാദൾ-എസ് എൻഡിഎയിൽ
Saturday, September 23, 2023 2:03 AM IST
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയിൽ ചേരാൻ ജനതാദൾ -എസ് തീരുമാനം.
ഡൽഹിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവരുമായി മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി ചർച്ച നടത്തിയിരുന്നു. ഇതിനുശേഷം സഖ്യം ഉറപ്പാക്കിയെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. സീറ്റുവിഭജനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ചർച്ച നടത്തുമെന്നും കുമാരസ്വാമി വ്യക്തമാക്കി.
ഡൽഹിയിലെ അമിത് ഷായുടെ വസതിയിൽ 45 മിനിറ്റ് നീണ്ട കൂടിക്കാഴ്ചയിലാണ് സഖ്യം സംബന്ധിച്ച അന്തിമതീരുമാനമുണ്ടായത്. ജെ.പി. നഡ്ഡയ്ക്കു പുറമേ സഖ്യത്തിനുവേണ്ടി അണിയറ നീക്കങ്ങൾ നടത്തിയ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമി എന്നിവരും ചർച്ചകളിൽ പങ്കെടുത്തു. കർണാടക നിയമസഭയിൽ കോൺഗ്രസിനും ബിജെപിക്കും പിന്നാലെ സീറ്റുകളുടെ എണ്ണത്തിൽ ജെഡി-എസ് മൂന്നാം സ്ഥാനത്താണ്. ജെഡിഎസിനെ ഒപ്പം ചേർത്ത് ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥിതി മെച്ചപ്പെടുത്താമെന്നാണു ബിജെപിയുടെ പ്രതീക്ഷ.
അടുത്തമാസം ദസറ ആഘോഷങ്ങൾക്കുശേഷം സീറ്റ് വിഭജനത്തിൽ അന്തിമപ്രഖ്യാപനം ഉണ്ടാകും. 28 ലോക്സഭാ സീറ്റുകളിൽ ജനതാദളിന് മൂന്നോ, നാലോ എണ്ണം ലഭിച്ചേക്കും. എട്ട് സീറ്റുകൾ വേണമെന്നാണ് ജനതാദളിന്റെ ആവശ്യം.
പുതിയ ഇന്ത്യ, ശക്തമായ ഇന്ത്യ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിനു കരുത്തു പകരുന്നതാണ് സഖ്യ തീരുമാനമെന്ന് നഡ്ഡ സമൂഹമാധ്യമത്തിൽ അഭിപ്രായപ്പെട്ടു. വികസിത ഇന്ത്യ എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിൽ വിശ്വാസമുണ്ടെന്ന് ജനതാദൾ നേതൃത്വം പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
ഔദ്യോഗികമായി എൻഡിഎയിൽ ചേർന്നതായി കുമാരസ്വാമി മാധ്യമപ്രവർത്തകരോടു പ്രതികരിച്ചു. കർണാടകത്തിൽ കോൺഗ്രസ് അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണ്. കർഷക താത്പര്യങ്ങളും അവഗണിക്കുന്നു. ഇതിനെതിരേയാണ് സഖ്യമെന്നും അദ്ദേഹം പറഞ്ഞു.