ചന്ദ്രയാൻ 3 ഉണർത്താനുള്ള ശ്രമം തുടരുന്നു
Saturday, September 23, 2023 1:42 AM IST
ബംഗളൂരു: ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ സൂര്യൻ ഉദിച്ച ഇന്നലെ ചന്ദ്രയാൻ 3ന്റെ ലാൻഡറും റോവറും ഉണർത്താനുള്ള ശ്രമം വിജയിച്ചില്ല. ശ്രമം ഇന്നും തുടരുമെന്ന് ഐഎസ്ആർഒ അറിയിച്ചു. പേടകത്തിന്റെ സോളർ പാനലുകളിൽ സൂര്യ പ്രകാശം പതിക്കുകയും മറ്റു പേ ലോഡുകൾ പ്രവർത്തന സജ്ജമാകാൻ വേണ്ട താപനില കൈവരിക്കുകയും ചെയ്യാത്തതാണു കാരണമെന്നാണ് കരുതുന്നത്.
എന്നാൽ ഇക്കാര്യം ഐഎസ്ആർഒ സ്ഥിരീകരിച്ചിട്ടില്ല. ചില പ്രത്യേക കാരണങ്ങളാൽ നടപടികൾ ഇന്നത്തേക്കു മാറ്റിയിരിക്കുകയാണന്ന് മാത്രമാണ് അഹമ്മദാബാദിലെ സ്പേസ് അപ്ലിക്കേഷൻ സെന്റർ ഡയറക്ടർ നിലേഷ് ദേശായി പ്രതികരിച്ചത്. സ്ലീപ്പ് മോഡിൽ നിന്ന് ലാൻഡറിനെയും റോവറിനെയും മാറ്റി റീആക്ടിവേറ്റ് ചെയ്യുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
റോവർ 300 മുതൽ 350 മീറ്റർ വരെ സഞ്ചരിക്കാനായിരുന്നു പ്ലാൻ ചെയ്തിരുന്നത്. എന്നാൽ ചില കാരണങ്ങളാൽ 105 മീറ്റർ മാത്രമേ സഞ്ചരിച്ചുള്ളുവെന്നും ദേശായ് കൂട്ടിച്ചേർത്തു. സൂര്യപ്രകാശത്തിന്റെ എലവേഷൻ ആറു മുതൽ 9 ഡിഗ്രി വരെ എത്തുന്പോഴാണ് പേടകത്തെ ഓണാക്കാൻ പറ്റിയ സമയമെന്ന് ഐഎസ്ആർഒ ഇന്നലെ അറിയിച്ചിരുന്നു.