വനിതാ സംവരണ ബില്ലിൽ ഖാർഗെ-നിർമല വാക്പോര്
Wednesday, September 20, 2023 12:31 AM IST
ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭാ യോഗത്തിൽ പാസാക്കി ലോക്സഭയിൽ അവതരിപ്പിച്ച വനിതാ സംവരണ ബില്ലിൽ കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും കേന്ദ്രമന്ത്രി നിർമല സീതാരാമനും തമ്മിൽ വാക്പോര്.
മോദി സർക്കാർ അവതരിപ്പിച്ചിട്ടുള്ള പുതിയ വനിതാ സംവരണ ബില്ലിൽ പട്ടികജാതി വിഭാഗക്കാരായ വനിതകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള ഉപസംവരണം രാഷ്ട്രീയ പാർട്ടികൾ ദുരുപയോഗം ചെയ്യുമെന്ന ഖാർഗെയുടെ പ്രസ്താവനയാണ് ബിജെപി നേതാക്കളെ ചൊടിപ്പിച്ചത്. ഉപസംവരണം രാഷ്ട്രീയ ഇച്ഛാശക്തിയും വിദ്യാഭ്യാസവും ഇല്ലാത്ത സ്ത്രീകളെ തെരഞ്ഞെടുക്കുന്നതിന് വിവിധ രാഷ്ട്രീയ പാർട്ടികൾ ആയുധമാക്കുമെന്നാണ് ഖാർഗെ പറഞ്ഞത്.
ഖാർഗെയുടെ പരാമർശത്തിൽ ട്രഷറി ബെഞ്ച് അംഗങ്ങൾ പ്രതിഷേധം ആരംഭിച്ചുവെങ്കിലും കോണ്ഗ്രസ് അധ്യക്ഷൻ വഴങ്ങിയില്ല. പട്ടികജാതിക്കാരായ സ്ത്രീകളുടെ സാക്ഷരതാ നിരക്ക് കുറവാണ്, അതുകൊണ്ട് രാഷ്ട്രീയ പാർട്ടികൾ ദുർബലരായ സ്ത്രീകളെ തെരഞ്ഞെടുക്കും. വിദ്യാസന്പന്നരും പോരാടാൻ കഴിയുന്നവരുമായ സ്ത്രീകളെ അവർ ഒരിക്കലും തെരഞ്ഞെടുക്കില്ലെന്നും ഖാർഗെ പറഞ്ഞു.
പ്രതിപക്ഷ നേതാവിനെ ബഹുമാനിക്കുന്നുവെങ്കിലും എല്ലാ പാർട്ടികളും കഴിവില്ലാത്ത സ്ത്രീകളെ തെരഞ്ഞെടുക്കുന്നുവെന്ന ഖാർഗെയുടെ പ്രസ്താവന തികച്ചും അസ്വീകാര്യമാണെന്നും നിർമല പറഞ്ഞു.
താൻ ഉൾപ്പെടെയുള്ള ഓരോ സ്ത്രീകളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും ഇച്ഛാശക്തിയിലും ശക്തീകരിക്കപ്പെട്ടവരാണെന്നും രാഷ്ട്രപതി ദ്രൗപദി മുർമു ഉൾപ്പെടെ അതിന് ഉദാഹരണമാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. ഖാർഗെയുടെ പരാമർശങ്ങൾ ഒരുപക്ഷെ കോണ്ഗ്രസ് പാർട്ടിക്ക് ബാധകമായിരിക്കുമെന്നും ധനമന്ത്രി പറഞ്ഞു. ചരക്ക് സേവന നികുതിയെച്ചൊല്ലിയും ഇരു നേതാക്കളും ഏറ്റുമുട്ടിയിരുന്നു.
സംസ്ഥാനങ്ങൾക്ക് അവരുടെ വരുമാനത്തിന്റെ വിഹിതം ലഭിക്കുന്നില്ലെന്നും ജിഎസ്ടിയുടെ പേരിൽ ഫെഡറലിസത്തെ ദുർബലപ്പെടുത്തുകയാണ് കേന്ദ്രമെന്നും ഖാർഗെ ആരോപിച്ചു.
എന്നാൽ ഖാർഗെയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് പറഞ്ഞ ധനമന്ത്രി സംസ്ഥാനങ്ങൾക്ക് ഒരു രൂപ പോലും കുടിശികയില്ലെന്നു വ്യക്തമാക്കി.
പിന്തുണച്ച് മായാവതി
പട്ടികജാതി പട്ടികവർഗക്കാർക്കും മറ്റു പിന്നാക്കവിഭാഗങ്ങൾക്കും പ്രത്യേകസംവരണം നിർദേശിക്കപ്പെട്ടിട്ടില്ലെങ്കിലും വനിതാ സംവരണ ബില്ലിനെ പിന്തുണയ്ക്കുമെന്നു ബിഎസ്പി നേതാവ് മായാവതി. ബിൽ ഇത്തവണ നിയമമാകുമെന്നാണു കരുതുന്നതെന്നും മായാവതി പറഞ്ഞു.
പ്രചോദനം നിതീഷ്കുമാർ: ജനതാദൾ (യു)
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിൽനിന്നുള്ള പ്രചോദനമാണു ബില്ലെന്നു ജനതാദൾ (യു). ബിഹാറാണ് വഴികാട്ടിയതെന്നു ബിൽ തെളിയിക്കുകയാണെന്നു പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയും വക്താവുമായ രജിബ് രഞ്ജൻ പറഞ്ഞു. തദ്ദേശസ്വാപനങ്ങളിൽ സ്ത്രീകൾക്ക് 50 ശതമാനം സംവരണം ഉറപ്പാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമായി ബിഹാർ മാറിയത് 2006 ലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.