മണിപ്പുരിൽ വീണ്ടും സംഘർഷം: മൂന്നു പേർ കൊല്ലപ്പെട്ടു
Saturday, June 10, 2023 12:14 AM IST
ഇംഫാൽ: മണിപ്പുരിൽ അസമാധാനം വിതച്ച് വീണ്ടും സംഘർഷം. ഇംഫാൽ വെസ്റ്റിലെ ഖൊക്കൻ മേഖലയിലുള്ള കംഗ്പോക്പിയിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടു. രണ്ടുപേർക്കു പരിക്കേറ്റു.
സൈനികരുടെ വേഷത്തിലെത്തിയ അക്രമികൾ പരിശോധനയുടെ ഭാഗമായാണെന്നു പറഞ്ഞ് ആളുകളെ വീടിനുപുറത്തെത്തിച്ചശേഷം വെടിവച്ചുകൊലപ്പെടുത്തുകയായിരുന്നു. മെയ്തേയ് വിഭാഗക്കാരാണ് അക്രമികളെന്ന് കരുതുന്നു. വെടിശബ്ദം കേട്ട് പ്രദേശത്ത് പട്രോളിംഗിലുണ്ടായിരുന്ന സുരക്ഷാസേനാംഗങ്ങൾ എത്തിയെങ്കിലും അക്രമികൾ രക്ഷപ്പെട്ടു. ആസാം റൈഫിൾസ് സേനാംഗങ്ങളാണ് കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഇതിനു പിന്നാലെ മണിപ്പുർ പോലീസും ആസാം റൈഫിൾസും കരസേനാംഗങ്ങളും സംയുക്തമായി തെരച്ചിൽ നടത്തി. അക്രമികളെ പിടികൂടാൻ പഴുതടച്ചുള്ള പരിശോധന തുടങ്ങിയതായി അധികൃതർ അറിയിച്ചു. അതേസമയം, കലാപബാധിത സംസ്ഥാനത്ത് ദുരിതാശ്വസ പ്രവർത്തനങ്ങൾക്കായി 101.75 കോടി രൂപയുടെ പദ്ധതി അംഗീകരിച്ചതായി ആഭ്യന്തരമന്ത്രാലയവും സുരക്ഷാ ഉപദേഷ്ടാവ് കുൽദീപ് സിംഗ് അറിയിച്ചു.
മണിപ്പുരിനെ ചോരക്കളമാക്കി കഴിഞ്ഞമാസം മൂന്നിന് ചുരാചന്ദ്പുർ ജില്ലയിലാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. നൂറോളം പേർക്കു ജീവൻ നഷ്ടമായ കലാപത്തിൽ മുന്നൂറിലേറെപ്പേർക്കു പരിക്കേൽക്കുകയും ചെയ്തു. കർഫ്യുവും ഇന്റർനെറ്റ് നിരോധനവും ഉൾപ്പെടെ കർക്കശ നടപടികളിലൂടെ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമമാണു തുടരുന്നത്. ന
വോറിയ പഖംഗൽക്പ എംഎൽഎയും ബിജെപി നേതാവുമായ എസ്. കിബിയുടെ വീടിന്റെ കവാടത്തിൽ കഴിഞ്ഞദിവസം അക്രമികൾ ബോംബ് സ്ഫോടനം നടത്തിയിരുന്നു. ഇംഫാൽ വെസ്റ്റിലെ നിംഗ്തംച കൊറാംഗിലുള്ള എംഎൽഎയുടെ വസതിയുടെ പ്രവേശനകവാടത്തിൽ വ്യാഴാഴ്ച രാത്രിയാണ് സ്ഫോടനമുണ്ടായത് ഗേറ്റ് പൂർണമായും തകർന്നുവെങ്കിലും ആളപായമുണ്ടായില്ല. ബൈക്കിലെത്തിയ രണ്ടുപേരെയാണ് സംശയിക്കുന്നതെന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചശേഷം പോലീസ് അറിയിച്ചു.
കലാപകാരികളെ പിടികൂടാൻ സംയുക്തസേനയുടെ നേതൃത്വത്തിൽ ഇന്നലെയും സംസ്ഥാനത്ത് വ്യാപക പരിശോധനകൾ തുടർന്നു. 896 ആയുധങ്ങളും 11,763 വെടിയുണ്ടകളും വിവിധതരത്തിലുള്ള 200 ബോംബുകളും ഇതുവരെയുള്ള പരിശോധനയിൽ പിടിച്ചെടുത്തതായി അധികൃതർ പറഞ്ഞു.
അന്വേഷണത്തിനു സിബിഐ പ്രത്യേക സംഘം
ന്യൂഡൽഹി: കലാപത്തെക്കുറിച്ച് അന്വേഷിക്കാൻ സിബിഐ പ്രത്യേകസംഘത്തെ നിയോഗിച്ചു. കലാപം ആസൂത്രിതമാണോ എന്നതുൾപ്പെടെയാണ് ഡിഐജി റാങ്കിലുള്ള ഓഫീസറുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അന്വേഷിക്കുക.
സംസ്ഥാനസർക്കാർ നിർദേശിച്ചിരിക്കുന്ന ആറ് കേസുകളാണ് അന്വേഷണപരിധിയിൽ. ഗുഢാലോചന നടന്നോ എന്നതുൾപ്പെടെ സിബിഐ അന്വേഷിക്കുമെന്ന് മണിപ്പുർ സന്ദർശനവേളയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു.